
ഫ്ലോറിഡ: പ്രായമായിക്കഴിഞ്ഞാല്‍ മാതാപിതാക്കളുടെ സ്വത്തുക്കള്ക്കുവേണ്ടി തമ്മിലടിക്കുന്ന മക്കളും മരുമക്കളും വര്‍ധിച്ചുവരുന്ന കാലാമാണിത്. ഇത് ഒഴിവാക്കാനായി മാതാപിതാക്കള്‍ തങ്ങളുടെ കാലശേഷം മക്കളാണ് അതിന് അവകാശികള്‍ എന്ന് മുന്നമേ എഴുതിവക്കാറുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ മക്കള്‍ക്ക് പകരം മറ്റു പലര്‍ക്കും സ്വത്ത് എഴുതി നല്കുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ പോരാട്ടം വരെ നടക്കുന്ന കാഴ്ചകളും ഇന്ന് പതിവാണ്. എന്നാല്‍ ഇവിടെ ഇതാ നാന്‍സി സോയര്‍ എന്ന വനിതയുടെ വില്പത്രം അനുസരിച്ച് ആരോട് കേസ് പറയുമെന്ന ആശങ്കയാണ് ബന്ധുക്കള്‍ക്കുള്ളത്. കാരണം തന്റെ ഏഴ് പൂച്ചകള്‍ക്കാണ് ഇവര്‍ 20 കോടിയിലധികം മൂല്യം വരുന്ന സ്വത്തും ആഡംബര ബംഗ്ലാവും എഴുതിവച്ചത്.
ഫ്ലോറിഡ സ്വദേശിയായ നാന്‍സ് സോയര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അടുത്തിടെയാണ് ഇവരുടെ വില്പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. പേഴ്സ്യന്‍ പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്നൈറ്റ്, നെപ്പോളിയന്, സ്നോബോള്‍, സ്ക്വീക്കി എന്നിവയുടെ പേരിലാണ് നാന്‍സ് സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ തംപയിലുള്ള കോടികള്‍ വില വരുന്ന നാന്‍സിയുടെ വീട് അവസാനത്തെ പൂച്ച മരിക്കുന്നത് വരെ മറിച്ച് വില്ക്കാന് പോലും സാധ്യമല്ല. വീട് വില്‍ക്കുന്നതിന് പൂച്ചകളെ കൊല്ലാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഈ വഴിയും അടച്ചാണ് നാന്‍സി വില്പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് നാന്‍സിയുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയത്.
വെറുതെ സ്വത്ത് എഴുതി വയ്ക്കുക മാത്രമല്ല പൂച്ചകളെ ദീര്‍ഘകാലത്തേക്ക് പരിരക്ഷിക്കാന്‍ ആവശ്യമായ രീതിയില്‍ വലിയൊരു തുകയും പൂച്ചകള്‍ക്കായി നാന്‍സി നീക്കി വച്ചിട്ടുണ്ട്.ആ പൂച്ചകള്‍ നാന്സിക്ക് പ്രിയപ്പെട്ടവയായിരുന്നു. തന്റെ മരണത്തോടെ അവ വഴിയാധാരമാവരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു നീക്കത്തിന് നാന്‍സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.






