
സംസ്ഥാനവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എബിവിപി കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷത്തിെന്റ അഭ്യാസമാണ് ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദന് പറഞ്ഞു. അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി പ്രസ്താവനയിൽ പറയുന്നു.
കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നു.






