
പട്ന: ബി.ജെ.പി. ഇതര പാര്‍ട്ടികളുടെ ചരിത്രപരമായ സമ്മേളനം ഇന്നു പട്നയില്‍. നേതാക്കളെ സ്വാഗതംചെയ്ത് ബിഹാര്‍ ഭരണസഖ്യത്തിലെ ഘടകകക്ഷികള്‍ പട്നയിലെങ്ങും കമാനങ്ങളും ബാനറുകളും സ്ഥാപിച്ചു. യോഗത്തിനെത്തുവരെ താറടിച്ച് ബി.ജെ.പി. വക പോസ്റ്ററുകളും.
2024-ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി. ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദൗത്യത്തിന്റെ ഭാഗമാണ് പ്രതിപക്ഷ ഐക്യ സമ്മേളനം. യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ''തഗ് ഓഫ് ഇന്ത്യ'', ''ജനാധിപത്യത്തിന്റെ കൊലയാളികള്‍'',''രാജവംശം'', ''അഴിമതി ബ്രിഗേഡ്'' എന്നിങ്ങനെയാണ് ബി.ജെ.പി. പോസ്റ്ററുകളിലൂടെ പരിഹസിക്കുന്നത്.
ബിഹാറിലെ ഭരണസഖ്യത്തിലെ ഘടകകക്ഷികളിലൊന്നായ കോണ്‍ഗ്രസ് സംസ്ഥാന തലസ്ഥാനത്ത് വലിയ വേദി സ്ഥാപിച്ചു. ഇവിടെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധിയും യോഗത്തിനെത്തുന്നതിനു മുമ്പ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഇവിടേക്കുള്ള റോഡുകളില്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും ചിത്രങ്ങളുള്ള സ്വാഗത കമാനങ്ങളും പോസ്റ്ററുകളും തലപൊക്കി.
കോണ്‍ഗ്രസിനും ഐക്യ (ദേശീയ) പ്രതിപക്ഷത്തിനും ഇതിലും വലുതാകാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങ്ങിന്റെ വാക്കുകള്‍.
തൊഴിലില്ലായ്മ, അക്രമം, വിലക്കയറ്റം എന്നിവ അവസാനിപ്പിക്കാന്‍ ബി.ജെ.പിയില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന മുദ്രാവക്യമുയര്‍ത്തിയാണ് സമാജ്വാദി പാര്‍ട്ടിയുടെ പോസ്റ്ററുകള്‍. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രത്തോടുകൂടിയാണ് ഈ പോസ്റ്ററുകള്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരും സംസ്ഥാന ഭരണസഖ്യത്തിന്റെ പോസ്റ്ററുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതിനിടെ, പഴയ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ (ജെ.പി) ചിത്രം ഉയര്‍ത്തിക്കാട്ടിയുള്ള ബി.ജെ.പി പോസ്റ്ററുകള്‍ പാര്‍ട്ടി ഓഫീസിലും പട്ന വിമാനത്താവളം പോലുള്ള പ്രധാന ഇടങ്ങളിലും ഇടംപിടിച്ചു. ജെ.പി. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസിനെതിരേ പോരാടിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര് അതേ കോണ്‍ഗ്രസുമായി െകെകോര്ക്കുന്നെന്ന് തുറന്നുകാട്ടിയാണ് ബി.ജെ.പിയുടെ പോസ്റ്ററുകള്‍.






