
മാവേലിക്കര: കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ഒളിവില്‍ പോയ സ്ത്രീ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ(61) കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച അറനൂറ്റിമംഗലം ബിജു ഭവനില്‍(പുത്തന്‍വേലില്‍ ഹൗസ്) അച്ചാമ്മ(റെജി)യാണു പിടിയിലായത്. എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് കാടുവെട്ടിവിളെയില് മിനി രാജു എന്ന വ്യാജപ്പേരില്‍ താമസിക്കുകയായിരുന്നു ഇവര്‍.
ശിക്ഷ വിധിച്ചിട്ട് 27 വര്‍ഷമായ കേസില്‍ കുറ്റവാളിയെ പിടികൂടികൂടണമെന്ന് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി രണ്ട് ജഡ്ജി കെ.എന്‍.അജിത്കുമാര്‍ പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ രണ്ടരപതിറ്റാണ്ടിനു ശേഷം പുനരാരംഭിച്ചത്.
1990 ഫെബ്രുവരി 21 നാണ് മറിയാമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കറിക്കത്തി കൊണ്ട് കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലി മാല അപഹരിച്ച ശേഷം ചെവി അറുത്തു മാറ്റി ഒരു കാതില്‍നിന്നും കമ്മല്‍ ഊരിയെടുത്തിരുന്നു. മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒന്‍പതോളം മുറിവുകളുണ്ടായിരുന്നു. സ്വന്തം മകളെപ്പോലെ മറിയാമ്മ വളര്‍ത്തിയ റെജിയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ റെജി അറസ്റ്റിലാകുകയായിരുന്നു.
1993 ല്‍ സംശയത്തിന്റെ ആനുകൂല്യം നല്കി മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി റെജിയെ വെറുതെ വിട്ടു. പ്രോസിക്യൂഷന് നല്കിയ അപ്പീലില്‍ 1996 സെപ്റ്റംബര്‍ 11 ന് ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എന്നാല്‍ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു.
മാവേലിക്കര എസ്.എച്ച്.ഒ: സി. ശ്രീജിത്ത്, എസ്.ഐ: പ്രഹ്ളാദന്, സീനിയര്‍ സി.പി.ഒമാരായ ബിജു മുഹമ്മദ്, സുഭാഷ് എന്‍.എസ്, സജുമോള്‍, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്കര്‍, സി.പി.ഒ: ബിന്ദു എന്നിവരടങ്ങിയ സംഘമാണ് റെജിയെ അറസ്റ്റ് ചെയ്തത്. ഇന്ന് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി രണ്ടില്‍ ഹാജരാക്കും.
സുകുമാരകുറുപ്പിന് ശേഷം വിദഗ്ധമായി മുങ്ങിയ കുറ്റവാളിയാണു റെജി. ശിക്ഷ വിധിച്ച് 27 വര്‍ഷായ കേസില്‍ കുറ്റവാളിയെ പിടികൂടികൂടണമെന്ന കോടതി വാറന്റിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ അന്വേഷണത്തിനു മുന്നിട്ടിറങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഒളിവില്‍ പോയ ശേഷം റെജിയെ കണ്ടിട്ടില്ലെന്നു ബന്ധുക്കള്‍ മൊഴി നല്കി. പഴയ പത്ര കട്ടിങ്ങില്നിന്നും കിട്ടിയ ഫോട്ടോയും കേസില്‍ എഴുതപ്പെട്ട മേല്‍വിലാസവും അല്ലാതെ മറ്റൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെ കോവിഡ് വന്ന് മരിച്ചെന്നും അഭ്യൂഹമുണ്ടായി.
ഇവര്‍ ഒളിവില്‍ പോകുന്നതിനു മുമ്പ് കോട്ടയം അയ്മനത്തും ചുങ്കത്തും മിനി എന്ന പേരില്‍ വീട്ടുജോലിക്കായി നിന്നിരുന്നതായും കെട്ടിട നിര്‍മാണത്തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാട്ടില്‍ പോയെന്നും വിവരം ലഭിച്ചതാണു അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്നാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനിരാജു എന്ന പേരില്‍ അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്.
റെജി കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്തു. അക്കാലത്താണു തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലായത്. 1999 ല്‍ അവര്‍ വിവാഹിതരായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു വസ്ത്രവ്യാപാരശാലയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.






