
തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. ഇരു വിഭാഗവും സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വള്ളക്കടവിലുള്ള കമ്മൂണിറ്റി ഹാളില്‍ വച്ച് നടന്ന യോഗത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ തല്ലുണ്ടായത്. വള്ളക്കടവ് വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലെ അപാകതകളും സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലേക്ക് നയിച്ചത് . യോഗത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഷാജിദ നാസറിന്റെ മകള്‍ വിനിത നാസറിന്റെ നേതൃത്തില്‍ ഒരു വിഭാഗം കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്റെ കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഡിഎസ് പ്രസിഡന്റ് ഹസീന നിസാം അടക്കമുള്ള ഔദ്യോഗിക വിഭാഗം ഇത് നിരാകരിച്ചു. തുടര്‍ന്നാണ് അടിയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വഴക്കനിടെ ഒരു കുട്ടിക്ക് അടിയേറ്റു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പോലീസിനെ സമീപിച്ചു. പരാതിയുമായി കുടുംബശ്രീയുടെ ഔദ്യോഗിക വിഭാഗം കൂടി എത്തിയതോടെ പ്രാദേശിക സിപിഎം നേതൃത്വവും വിഷയത്തില്‍ ഇടപെട്ടു.






