
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും രാവിലെ 11 മണിയ്ക്ക് ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക. മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ പത്ര- ദൃശ്യ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റില്‍ പ്രഖ്യാപിച്ച ആയിരം രൂപ പെന്ഷന് വര്‍ദ്ധന പൂര്‍ണമായും നടപ്പാക്കുക, നിര്‍ത്തലാക്കിയ മാധ്യമപ്രവര്‍ത്തക പെന്ഷന് സെക്ഷന്‍ പുനസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റര്‍മാരെയും പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.
മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം. വി വിനീത അദ്ധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബു, ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, സിഎംപി നേതാവ് സിപി ജോണ്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എസ് ജയശങ്കര്‍, ജേക്കബ് ജോര്‍ജ്, എസ് ബിജു, ജെ. അജിത്കുമാര്‍, എന്നിവര്‍ സംസാരിച്ചു.






