
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയര്‍ കാലില്‍ പ്ലാസ്റ്ററിട്ടു. മേയര്‍ ഉള്‍പ്പെടെ 16 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാ നാഥും ചികിത്സയിലാണ്. ആശാനാഥിന് തലയ്ക്ക് പരിക്കേറ്റു.
ബിജെപി കണ്‍സിലര്‍ ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി വഴിതടഞ്ഞ് പ്രതിഷേധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധം ശക്തമായതോടെ മേയര്‍ക്ക് പിന്തുണയുമായി ബിജെപി കൗണ്‍സിലര്‍മാര്‍ എത്തി. ഇരുവിഭാഗവും മുഖാമുഖം വന്നതോടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ജനാധിപത്യപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഓഫീസിനുള്ളില്‍ അക്രമം കാട്ടുന്നത് അംഗീകരിക്കില്ല. തന്നെ കാണാനെത്തിയ പൊതുജനങ്ങളെപ്പോലും എല്‍ഡിഎഫ് പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും സംഘര്‍ഷത്തില്‍ കാലിന് പരുക്കേറ്റതായും മേയര്‍ വി.വി. രാജേഷ് പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സ്ത്രീകളെ ക്രൂരമായി ആക്രമിച്ചെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ആരോപിച്ചു.
അതേസമയം, മേയറുടെ നേതൃത്വത്തില്‍ ബിജെപിയാണ് ആക്രമണം ഉണ്ടാക്കിയതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചു. ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. മേയറെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും കടത്തിവിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണമുണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാന്‍ മേയര്‍ തയ്യാറായില്ലെന്നും സഹപ്രവര്‍ത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന് മേയര്‍ മറന്നുവെന്നും കടകംപള്ളി പറഞ്ഞു. ഇത്തരം ഗുണ്ടായിസം കൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയില്ല. ആര്‍എസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.






