
സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയോടുള്ള ബഹുമാന സൂചകമായി കൂട്ടയോട്ടം സംഘടപ്പിച്ച് കേരള പോലീസ്. ബുധനാഴ്ച രാവിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നിന്നാണ് കൂട്ടയോട്ടം ആരംഭിക്കുക. ഓട്ടത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനൊപ്പം മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും എസ്.എ.പിയിലെ രണ്ട് പ്ലാറ്റൂണ്‍ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇത് കൂടാതെ പോലീസിലെ സ്പോര്‍ട്സ് താരങ്ങളും 100 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഓട്ടത്തിന്റെ ഭാഗമാകും. ഈ മാസം 30 നാണ് ഡിജിപി അനില്‍കാന്ത് വിരമിക്കുന്നത്.
നെക്സ്റ്റ് ജേര്‍ണി റണ്‍ എന്ന് പേരിട്ടിരിക്കുന്ന കൂട്ടയോട്ടം രാവിലെ 6.30 നാണ് ആരഭിക്കുക. വെള്ളയമ്പലം, മ്യൂസിയം, എല്‍.എം.എസ് ജംഗ്ഷന്, പാളയംവഴിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഡിജിപി അനില്‍ കാന്തിന്റെ വ്യായമ മുറകളും ഓട്ടവും പ്രസിദ്ധമാണ്.
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ഡിജിപിയായി ചുമതലയേറ്റ ശേഷമെത്തിയ അനില്‍കാന്ത് വിശാലമായ പരേഡ് ഗ്രൗണ്ടില്‍ നിര്‍ത്താതെ ഓടിയത് 20 റൗണ്ട് ആണ്. എന്നാല്‍ പോലീസ് ട്രെയിനികളും ഡിജിപിക്കൊപ്പം ഓടിയെങ്കിലും അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ഭൂരിഭാഗം പേരും കിതച്ച് അവശരായി ഓട്ടം നിര്‍ത്തിയിരുന്നു. ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പോലീസ് മേധാവിയായ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. എഡിജിപി സ്ഥാനത്തു നിന്നും നേരിട്ട് പോലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകതയും അനില്‍ കാന്തിനുണ്ട്.






