
ന്യുഡല്‍ഹി: ഒമ്പത് വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ രാജ്യത്ത് ദേശീയപാതകളുടെ മൊത്തം ദൈര്‍ഘ്യം 59% വര്‍ധിച്ചുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത ,ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റോഡ് നെറ്റ്വര്‍ക്ക് ഉള്ള രാജ്യമായി ഇന്ത്യ മാറി. 2013-14 വര്‍ഷത്തില്‍ 91,287 കിലോമീറ്ററായിരുന്നു ദേശീയപാതകളുടെ ആകെ ദൈര്‍ഘ്യം. എന്നാല്‍ 2022-2023ല്‍ ഇത് 1,45,240 കിലോമീറ്ററായി ഉയര്‍ന്നുവെന്നും ഗഡ്കരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ നാലുവരി പാതകളുടെ ദൈര്‍ഘ്യം രണ്ട് മടങ്ങായി. 2013-14ല്‍ നാലുവരി പാതകളുടെ ദൈര്‍ഘ്യം 18,371 കിലോമീറ്റര്‍ ആയിരുന്നു. നിലവില്‍ ഇത് 44,654 കിലോമീറ്റര്‍ ആയി ഉയര്‍ന്നു.
ഫാസ്റ്റാഗ് വന്നതോടെ ടോള്‍ കളക്ഷനില്‍ വലിയ വര്‍ധനവുണ്ടായി. 2013-14ലെ 4,770 കോടി രുപയില്‍ നിന്ന് 2022-23ലെത്തുമ്പോള്‍ ടോള്‍ കളക്ഷന്‍ 41,342 കോടിയായി. 2030 ഓടെ ടോള്‍ വരുമാനം 1,30,000 കോടി രുപയായി വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുമാനം വര്‍ധിച്ചതു മാത്രമല്ല, ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ കാത്തുകെട്ടി കിടക്കുന്നത് ഒഴിവാകുകയും ചെയ്തു. 2013-14ല്‍ ഒരു വാഹനത്തിന് ടോള്‍ പ്ലാസയിലെ വെയ്റ്റിംഗ് സമയം 734 സെക്കന്റ് ആയിരുന്നു. ഇപ്പോള്‍ അത് 47 സെക്കന്റായി കുറഞ്ഞൂ. വൈകാതെ 30 സെക്കന്റായി കുറയ്ക്കുകയാണ് ലക്ഷ്യം. ഫാസ്റ്റാഗ് വന്നതോടെ ടോള്‍ പ്ലാസയിലെ സമയലാഭം മാത്രമല്ല, അതുവഴി 70,000 കോടി രൂപയുടെ ഇന്ധനലാഭവുമുണ്ടായി എന്നൂം കേന്ദ്രമന്ത്രി പറയുന്നു.
വടക്കുകിഴക്കന്‍ മേഖലയില്‍ റോഡ് വികസനത്തിന് പ്രാധാന്യം നല്കി വരികയാണ്. കിഴക്കന്‍ മേഖലയ്ക്കു മാത്രം രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുടെ കൊണ്ടുവന്നുകഴിഞ്ഞു. റോഡ് നിര്‍മ്മാണം പരമാവധി പരിസ്ഥിതി സൗഹൃദമായാണ് നടത്തുന്നത്. ഡല്‍ഹി റിംഗ് റോഡ് പദ്ധതിക്കായി 30 ലക്ഷം ടണ്‍ മാലിന്യം ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിന്റെയും സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനും ഉത്തമമായ മാതൃകമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






