
ഉലാന്‍ബാതര്‍: ഐക്യരാഷ്ട്ര സംഘടനയുടെ യൂത്ത് ഇക്കോപ്രണര് അവാര്‍ഡിനുള്ള നാലുപേരുടെ അന്തിമപട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യുവാവ്. തെങ്ങോലകള്‍ ഉപയോഗിച്ച് സ്ട്രോ നിര്‍മിക്കാമെന്ന ആശയത്തിന് ബംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന എം.ജി. ചിരാഗാണ് അംഗീകാരത്തിനരികെയെത്തിയത്. യു.എന്‍. വ്യാപാര വിഭാഗമായ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ നല്കുന്ന പുരസ്കാരമാണ് യൂത്ത് ഇക്കോപ്രണര് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ഈ പുരസ്കാരത്തിന് അര്‍ഹനായത് റീെസെക്കിള് എക്സിന്റെ സഹസ്ഥാപകനും ഇന്ത്യയിലെ സംരംഭകനുമായ വേദാന്ത് ഗാന്ധിക്കായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തോടുള്ള അഭിനിവേശമാണ് ചിരാഗിനെ അഭിമാനകരമായ നേട്ടത്തിലേക്കു നയിച്ചത്. ബംഗളുരുവില്‍ ചിരാഗ് നടത്തുന്ന ബ്രൗണ്‍ റീഡ് അഗ്രി വേസ്റ്റ് ഇന്നൊവേഷന്‍സ് എന്ന സ്ഥാപനത്തിലാണ് തെങ്ങോലകളില്‍നിന്ന് സ്ട്രോ ഉണ്ടാക്കുന്നത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പ്ലാസ്റ്റിക് സ്ട്രോകള്‍ക്കു ബദലാണ് പരിസ്ഥിതിസൗഹൃദമെന്ന് അക്ഷരാര്‍ഥത്തില്‍ പറയാവുന്ന ഈ സ്ട്രോനിര്മാണം. പേറ്റന്റ് നേടിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പ് വിപുലീകരിക്കുന്നതിനായി ചിരാഗ് 2,50,000 ഡോളറിന്റെ (ഏകദേശം രണ്ടു കോടി രൂപ) ധനസഹായം തേടുന്നുണ്ട്.
മംഗോളിയയിലെ ഉലാന്‍ബാതറില്‍ നടക്കുന്ന വേള്‍ഡ് ഡെവലപ്മെന്റ് ഫോറത്തിലാണ് യുവാക്കള്‍ അവാര്‍ഡിനായി ആശയങ്ങള്‍ അവതരിപ്പിച്ചത്. ഒരു ബില്യണ്‍ ഡോളറോളം വിലമതിക്കുന്ന പ്ലാസ്റ്റിക് സ്ട്രോകളാണ് ലോകമെമ്പാടും ഓരോ ദിവസവും ഉപയോഗിക്കുന്നതെന്നും അവ ഭൂമിയ്ക്കുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം വളരെ വലുതാണെന്നും തന്റെ ആശയം അവതരിപ്പിച്ചുകൊണ്ട് ചിരാഗ് പറഞ്ഞു. സ്വാഭാവികമായി വീണുപോകുന്ന തെങ്ങോലകള്കൊണ്ട് ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാനുള്ള യത്നം ഏറെ പ്രസക്തമാണെന്നു സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നാലുപേര്‍ ഉള്‍പ്പെടുന്ന അന്തിമ റൗണ്ടിലെത്തിയപ്പോള്‍ താന്‍ തികച്ചും ആവേശത്തിലാണെന്നായിരുന്നു ചിരാഗിന്റെ പ്രതികരണം.
മംഗോളിയന്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് ഒയുങ്കെറിയല് മന്ഖ്ബാത്തിനൊപ്പം സ്റ്റാര്‍ട്ടപ്പ് നടത്തുന്ന ഐറിയും മത്സരത്തിന്റെ മുന്‍നിരയിലുണ്ട്. ആട്ടിന്‍രോമംകൊണ്ട് എയര്‍ ഫില്‍ട്ടറുകള്‍ നിര്‍മിക്കുന്ന വിദ്യയാണ് അദ്ദേഹം അവതരിപ്പിച്ചത്. വായു മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് ഗര്‍ഭിണികളെയും ചെറിയ കുട്ടികളെയും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കഫേകളിലെ കോഫി വേസ്റ്റ് ഫലപ്രദായി വിനിയോഗിക്കുന്ന സംരംഭവുമായി കപ്മെന എന്ന ഈജിപ്ഷ്യന്‍, പ്ലാസ്റ്റിക് മാലിന്യത്തെ മനോഹരമായ ബാഗുകളാക്കുന്ന വിദ്യയുമായി ഇന്തോനീഷ്യയിലെ ടമാര ഗോണ്ടോ എന്നിവരും മത്സരരംഗത്തുണ്ട്.






