
1980കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായ അമ്മ. മകൾ കേവലം 17 വയസിൽ തന്നെ ചലച്ചിത്ര ലോകത്തു നായികയായി അരങ്ങേറ്റം കുറിച്ചു. മകളുടെ പിറന്നാളിന് അമ്മ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഇത്ര വലുതായിട്ടും മകൾ അമ്മയുടെ നെഞ്ചോടു ചേർന്ന് പുഞ്ചിരിക്കുന്ന കൊച്ചുകുഞ്ഞാണ്. രണ്ടുപേരും മലയാളികൾ.
മലയാളത്തിൽ ഒരുകാലത്ത് പൊൻതിളക്കത്തോടെ നിറഞ്ഞു നിന്ന സഹോദരിമാരിൽ ഒരാളാണ് ഇത്. ഉദയ ചന്ദ്രിക എന്ന് പറഞ്ഞാൽ ഒരുപക്ഷെ ആർക്കും മനസിലായി എന്ന് വരില്ല. സിനിമയ്ക്കായി ചേച്ചിയും അനുജത്തിയും വന്നപ്പോൾ അനുജത്തി മറ്റൊരു പേര് സ്വീകരിച്ചു. നടി അംബികയുടെ അനുജത്തി രാധയും മകൾ കാർത്തികയുമാണ് ആദ്യം കണ്ട ചിത്രത്തിൽ. തമിഴിൽ ഭാരതിരാജയുടെ സിനിമയിലൂടെയാണ് രാധയുടെ സിനിമാ പ്രവേശം. 'അലൈഗൾ ഒയ്വമില്ലൈ' എന്ന കന്നിചിത്രം തന്നെ സിനിമാ ലോകത്ത് കൾട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെട്ടു.
കാർത്തിക 2009ലെ തെലുങ്ക് ചിത്രം 'ജോഷിലൂടെ' സിനിമയിലേക്ക് പ്രവേശിച്ചു. നാഗ ചൈതന്യയായിരുന്നു ഈ സിനിമയിലെ നായകൻ. അതിനു ശേഷം തമിഴിലേക്ക് ചുവടുവച്ചു. അതും കഴിഞ്ഞാണ് മലയാള സിനിമയിൽ വേഷമിടുന്നത്. മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മകരമഞ്ഞ്' എന്ന സിനിമയിൽ കാർത്തിക സന്തോഷ് ശിവന്റെ നായികയായി. സന്തോഷ് ശിവൻ കരിയറിലെ ആദ്യ നായകവേഷം ചെയ്ത ചിത്രമാണിത്.
പ്രമുഖ ഹോട്ടൽ ഗ്രൂപ്പിന്റെ ഉടമയായ രാജശേഖരനെ വിവാഹം ചെയ്തതോടെ രാധ സിനിമയിൽ നിന്നും പിൻവാങ്ങി. കാർത്തികയേ കൂടാതെ തുളസി എന്ന മകളും, വിഗ്നേഷ് എന്ന മകനുമുണ്ട്. ചുരുങ്ങിയ നാളുകൾ മാത്രം സിനിമയിൽ നിന്ന ശേഷം കാർത്തിക അച്ഛന്റെ പാത പിന്തുടർന്ന് ബിസിനസ് കാര്യങ്ങൾ നോക്കിനടത്തുന്നതിൽ വ്യാപൃതയായി. കരിയറിൽ ആകെ ഒൻപത് സിനിമകളിൽ കാർത്തിക അഭിനയിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളിൽ കാർത്തിക മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു കഴിഞ്ഞു. 2015ലാണ് കാർത്തിക ഏറ്റവും അവസാനമായി സിനിമയിൽ അഭിനയിച്ചത്.






