
ഒരു പ്രൊഫഷണല്‍ മത്സ്യകന്യക ആകാനായി സ്വന്തം ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഇവിടെ ഒരു അധ്യാപിക. ഇറ്റലിയിലെ ഒരു സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്ന 33 കാരിയായ മോസ് ഗ്രീന്‍ എന്ന യുവതിയാണ് മുഴുവന്‍ സമയ മത്സ്യകന്യക ആകാനായി ജോലി ഉപേക്ഷിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു വിനോദത്തിനായി തുടങ്ങിയ കാര്യമാണെങ്കിലും ഇപ്പോള്‍ ഇതിനായി തന്റെ ജീവിതം പോലും ഇവര്‍ മാറ്റിവച്ചിരിക്കുകയാണ്.
ലോക്ഡൗണ്‍ ദിവസങ്ങളില്‍ വീട്ടില്‍ ഇരുന്നപ്പോഴാണ് വ്യത്യസ്തമായ എന്തെങ്കിലും ഒരു വിനോദത്തില്‍ ഏര്‍പ്പെടണമെന്ന് മോസ് ഗ്രീന്‍ തീരുമാനിച്ചത്. അങ്ങനെയിരിക്കവെ ഒരു ദിവസം കടല്‍ തീരത്ത് സമയം ചെലവഴിക്കുന്നതിനിടയില്‍ മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന എന്തോ ഒന്നിനെ മോസ് കടലില്‍ കണ്ടത്. ഇതോടെ ഒരു മത്സ്യകന്യകയായി സ്വയം രൂപം മാറുന്നതിനെ കുറിച്ചായി മോസ് ഗ്രീന്റെ ചിന്ത. പതുക്കെ ഒരു വിനോദത്തിനായി മോസ് ഗ്രീന്‍ മത്സ്യകന്യകയുടെ വേഷം ധരിച്ച് തുടങ്ങുകയും അതിനോടുള്ള ഇഷ്ടം വര്‍ധിക്കുകയും ആയിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതിനായി ഡൈവിംഗും വെള്ളത്തിനടിയില്‍ കൂടുതല്‍ സമയം ശ്വാസം പിടിച്ച് കിടക്കുന്നതിനുള്ള കഴിവുകളും ഒക്കെ മോസ് ഗ്രീന്‍ സ്വായത്തമാക്കിക്കഴിഞ്ഞു. താന്‍ മുമ്പ് ചെയ്തിരുന്ന അധ്യാപക ജോലിയെക്കാള്‍ ശമ്പളം കുറവാണെങ്കിലും ഇപ്പോള്‍ തനിക്ക് കൂടുതല്‍ സന്തോഷം അനുഭവപ്പെടുന്നുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വേനല്‍ക്കാല മാസങ്ങളിലാണ്, മോസ് തന്റെ മത്സ്യകന്യക ജോലിയില്‍ കൂടുതലായി മുഴുകുന്നത്. അവിശ്വസനീയമായ സമുദ്രജീവികളെക്കുറിച്ചും നമ്മുടെ കടലുകളും കടല്‍ത്തീരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റുള്ളവരെ പഠിപ്പിക്കാനും മോസ് ഇതിനിടയില്‍ ശ്രമിക്കുന്നുണ്ട്.






