
തൃശൂരില്‍ ആഡംബര കാറില്‍ 221 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒഡീഷയില്‍ നിന്നും വന്‍ മാഫിയ തലവനും കൂട്ടാളിയും പിടിയില്‍. തൃശൂര്‍ സിറ്റി പോലീസ് സംഘം പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയില്‍ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ നമിത പരീച്ച (32), അരുണ്‍ നായിക് (25) എന്നിവരെയാണ് കേരള പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം നെടുപുഴ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.ജി. ദീലീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇത്രയും വലിയ അളവില്‍ കഞ്ചാവ് കൊണ്ടുവന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ശ്രമം ആരംഭിച്ചിരുന്നു.
നമിത പരീച്ച വര്‍ഷങ്ങളായി കേരളം, ഡല്‍ഹി, രാജസ്ഥാന് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിന് നേതൃത്വം കൊടുക്കുന്ന മാഫിയതലവനാണ് . ആദ്യമായാണ് ഇവര്‍ അറസ്റ്റിലാകുന്നത്. 1800 കിലോമീറ്ററിലധികം ദൂരം പ്രതികളെ അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്നും തൃശ്ശൂരിലേക്ക് ഉള്ളതിനാല്‍ ഒറീസയിലെ മോഹന മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയ ശേഷമാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.






