
സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ യുവതിക്ക്ഓൺലൈനിലൂടെ ആഭരണങ്ങൾ ഓർഡർ ചെയ്തപ്പോള്‍ ലഭിച്ചത് കാലിയായ ക്രീം കുപ്പി. ഐശ്വര്യ ഖജൂരിയ എന്ന യുവതിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്.ഇവർ ബട്ടർഫ്ലൈ ബ്ലാക്ക് ബ്രേസ്ലെറ്റ് ആയിരുന്നു ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നത്. എന്നാൽ ലഭിച്ച പാക്കേജ് തുറന്നു നോക്കിയപ്പോള്‍ കാണാന്‍ സാധിച്ചത് ഒഴിഞ്ഞ ഒരു ക്രീം കുപ്പിയായിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചുള്ള വീഡിയോ ഐശ്വര്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
ഒരുപക്ഷേ താൻ ഓർഡർ ചെയ്ത ആഭരണം പാക്ക് ചെയ്ത വ്യക്തി അബദ്ധവശാൽ അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന ക്രീം കുപ്പി കവറിനുള്ളിൽ വച്ചതിനുശേഷം തന്റെ ആഭരണം എടുത്ത് അണിഞ്ഞതായിരിക്കാം എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഐശ്വര്യ പറയുന്നത്. ഏതായാലും തനിക്ക് കിട്ടിയ ക്രീം കുപ്പി താൻ ഉടമസ്ഥന് തിരികെ ഏൽപ്പിക്കാൻ തീരുമാനിച്ചു എന്നും അവർ പറയുന്നു.
വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ഉപഭോക്താക്കളാണ് കമന്റുകളുമായി എത്തിയത്. ഉപഭോക്താക്കളിൽ പലരും രസകരമായ കമൻറുകളാണ് വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. കുപ്പി കളയണ്ട അടുക്കളയിൽ ജീരകം ഇടാൻ ഉപയോഗിക്കാം എന്നായിരുന്നു ഒരാള്‍ കുറിച്ചത്. പലരും ഓൺലൈൻ ഷോപ്പിങ്ങിലൂടെ സമാനമായ രീതിയിൽ തങ്ങൾക്ക് പറ്റിയ ചതികള്‍ വീഡിയോയ്ക്ക് താഴെ പങ്കു വച്ചു.






