
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പടി കയറുന്നതിനിടെ ശ്വാസകോശ രോഗി കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂര്‍ കുറുമ്പാലൂര്‍ സ്വദേശി 56 വയസുള്ള വി. രാധാകൃഷ്ണനാണ് കുഴഞ്ഞു വീണ് മരിച്ചത്. റാമ്പ് തുറന്നു നല്‍കാത്തതിനാലാണ് ഇദ്ദേഹം നടന്ന് പടികള്‍ കയറിയത്. അധികൃതര്‍ മൃതദേഹം തിരിച്ചിറക്കാനും റാമ്പ് തുറന്നു നല്‍കിയില്ല.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയ്ക്കാണ് രാധാകൃഷ്ണന് മരിച്ചത്. കുത്തിവയ്പ്പ് എടുത്ത ശേഷം രണ്ടാം നിലയിലെ മെയില്‍ വാര്‍ഡിലേക്ക് വീല്‍ച്ചെയറില്‍ പോകാന്‍ റാമ്പ് തുറന്ന് നല്കാന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലാണെന്നും റാമ്പ് തുറക്കാനാകില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഒടുവില്‍ ഒപ്പമുണ്ടായിരുന്നവര്‍ താങ്ങിയെടുത്താണ് ഇദ്ദേഹത്തെ പടികള്‍ കയറ്റിയത്. എന്നാല്‍ വാര്‍ഡിലെത്തും മുമ്പേ രാധാകൃഷ്ണന് കുഴഞ്ഞുവീണു.
പടികള്‍ നടന്നുകയറേണ്ടി വന്നതാണ് പെട്ടെന്നുളള മരണത്തിനു കാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു. ആശുപത്രി സൂപ്രണ്ട് രണ്ട് ഗ്രേഡ് ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.






