
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മഴ കനത്തത്തിനെ തുടര്‍ന്ന് എല്ലാ ജില്ലകിലും കണ്ട്രോള് റൂമുകള്‍ തുറന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപറേഷന് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപറേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ എന്നി ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഗവിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തു താമസിക്കുന്നവര്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.






