
അഹമ്മദ്: സാമ്പത്തിക നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കള്ളപ്പണക്കാര്‍ക്ക് വന്‍ നഷ്ടം നേരിട്ടിരിക്കെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്നതിന്റെ പേരില്‍ ഗുജറാത്തില്‍ ബിസിനസുകാരന് കുടുങ്ങി. സൂററ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഇടപാടുകാരന് കിഷോര്‍ ഭാജിയാവാലയാണ് കുടുങ്ങിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നും 10.45 കോടി രൂപയും 400 കോടിയുടെ വസ്തുവകകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ഇയാളുടെ വിവിധ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 700 പേര് പണമിടുകയും എടുക്കുകയും ചെയ്തതായി സിബിഐ വൃത്തങ്ങള്‍ കണ്ടെത്തി.
ഇയാള്‍ക്ക് 27 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇവയില്‍ 20 എണ്ണവും കള്ളപ്പണ ഇടപാടുകള്‍ക്ക് മാത്രമുള്ള ബിനാമി അക്കൗണ്ടുകളായിരുന്നു. എന്നിരുന്നാലും എത്ര പണം ഇടുകയും എടുക്കുകയും ചെയ്തെന്ന കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കല്‍ നിന്നും പുതിയ കറന്‍സിയില്‍ 1,45,50,800 രൂപയും 1,48,88,133 രൂപ മൂല്യം വരുന്ന സ്വര്‍ണ്ണവും 4,92,96,314 ന്റെ മൂല്യം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 1,39,34,580 രൂപയുടെ രത്നാഭരണങ്ങളും 77,81,800 രൂപ മൂല്യം വരുന്ന വെള്ളി വസ്തുക്കളും കണ്ടെത്തുകയായിരുന്നു. വമ്പന്മാരും ബാങ്കുകളും ഉള്‍പ്പെട്ട കേസായതിനാല്‍ സിബിഐയ്ക്ക് കൈമാറി.
ഭാജിയാവാല നവംബര്‍ 12,13,14 തീയതികളിലായി ഒരു ലക്ഷം, രണ്ടു ലക്ഷം, നാലു ലക്ഷം രൂപ വീതം വിവിധ അക്കൗണ്ടുകള്‍ വഴി നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഈ സമയത്ത് 212 പേര് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പഴയ പണം പുതിയതാക്കി മാറ്റി. ചില ഇടപാടുകളില്‍ സൂററ്റിലെ പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ബാങ്ക് സീനിയര്‍ മാനേജര്‍ പങ്കജ് ഭട്ടും ഉള്‍പ്പെട്ടിരുന്നു.
ഇയാളില്‍ നിന്നും പിടിച്ചെടുത്ത 1.45 കോടിയുമായി ബന്ധപ്പെട്ട അന്വേഷണവും തുടരുകയാണ്. ആരൊക്കെയാണ് ഈ ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍. ഭാജിയാവാലയുടെ അറ്റാദായം വിവിധ രീതിയില്‍ 1,300 കോടിയാണ്. വീടുകള്‍, വാണിജ്യ വസ്തുക്കള്‍, ഫ്ളാറ്റുകള്‍, നഗരത്തിലെ സ്ഥലങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വസ്തു ഈട് വെച്ച് നല്കുന്ന വായ്പ്പയില്‍ ഇടപാടുകാരുടെ വസ്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റുകയാണ് ഇയാള്‍ പ്രധാനമായും ചെയ്തിരുന്നത്.






