
കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക ഉപദേഷ്ടാവും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ രതീഷ് കാളിയാടന്റെ പിഎച്ച്.ഡി. പ്രബന്ധം കോപ്പിയടിയാണെന്നു കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സര്‍ക്കാര്‍ സ്കൂളില്‍ 2009-17ല്‍ ജോലി ചെയ്ത കാലത്ത് 2012-14 ല്‍ അസമില്‍നിന്നു ചട്ടവിരുദ്ധമായാണ് രതീഷ് പിഎച്ച്.ഡി. നേടിയതെന്നും അദ്ദേഹം ആരോപിച്ചു.
''അസം സര്‍വകലാശാലയില്‍നിന്നു പിഎച്ച്.ഡി. നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധം ഇന്റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍നിന്നു കോപ്പിയടിച്ചതാണ്. കേരളത്തില്‍ രതീഷ് ഹയര്‍ സെക്കന്‍ഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവില്‍ അസം സര്‍വകലാശാലയില്‍നിന്നു പിഎച്ച്.ഡി. നേടിയതായാണ് രേഖയിലുള്ളത്.
ഇവിടെ ജോലി ചെയ്യുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ അസമില്‍ പോയി പിഎച്ച്.ഡി. ഗവേഷണം നടത്താന്‍ സാധിച്ചു എന്നതു ദുരൂഹമാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്ന കാലയളവില്‍ എങ്ങനെയാണ് അസമില്‍ 80% ഹാജര്‍ നേടിയതെന്നും അന്വേഷിക്കണം''-കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. കോപ്പിയടിച്ചു നേടിയ പിഎച്ച്.ഡി. റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് അസം യൂണിവേഴ്സിറ്റിക്കും അനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു യു.ജി.സിക്കും പരാതി കൊടുക്കുമെന്ന് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.






