
ശരീരം മുഴുവനും ടാറ്റൂ ചെയ്ത് പിന്നീട് ശരീരത്തിന്റെ തന്നെ കോലം മാറിയ ഒരാളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുകെയിലെ വെയ്ല്‍സില്‍ നിന്നുള്ള 46 കാരിയായ സ്ത്രീ ടാറ്റു ചെയ്തതിലൂടെ നേരിടേണ്ടി വരുന്നത് പലതരത്തിലുളള തിരസ്കരണങ്ങളാണ്.
ഗിന്നസ് റെക്കോര്‍ഡുകളൊന്നും ടാറ്റൂ ചെയ്തതിന് ലഭിച്ചിട്ടില്ലെങ്കിലും 'ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത വ്യക്തി' താനാണൊണ് ഇവര്‍ വിശ്വസിക്കുന്നത്, മെലിസയുടെ കണ്‍തടം ഒഴികെയുള്ള മുഖം മുഴുവനും ടാറ്റൂവാണ്. നിരവധി കുരുശുരൂപങ്ങളും പ്രണയചിഹ്നങ്ങളും പൂക്കളും മറ്റും അവരുടെ മുഖത്ത് ടാറ്റൂ ചെയ്തിട്ടുണ്ട്. ഏതാണ്ട് 800 ഓളം ടാറ്റൂകളാണ് ശരീരമാസകലം ഇവര്‍ ചെയ്തിരിക്കുന്നത്. മെലിസ സ്ലോണ്‍ എന്ന ഈ സ്ത്രീക്ക് പബ്ബുകളിലും, പാര്‍ലറുകളിലും, സ്കൂളിലും തുടങ്ങി പലയിടങ്ങളിലും ചെല്ലാന്‍ വിലക്ക് നേരിടുന്നു. എന്തിനേറെ ജോലിസ്ഥലത്തും ഇതേ അവസ്ഥ തന്നെ
മെലിസ ഡെയ്ലി സ്റ്റാറിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ ''എനിക്ക് ജോലി കിട്ടുന്നില്ല. അവര്‍ക്ക് എന്നെ വേണ്ട. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ടോയ്ലറ്റുകള് വൃത്തിയാക്കുന്ന ജോലിക്ക് ഞാന്‍ അപേക്ഷിച്ചു, എന്റെ ടാറ്റൂകള്‍ കാരണം അവര്‍ക്ക് എന്നെ വേണ്ട. ഇത് കൂടാതെ സ്വന്തം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പോലും എനിക്ക് വിലക്കുണ്ട്. സ്കൂളില്‍ തന്റെ കുട്ടികള്‍ കളിക്കുന്നത് തനിക്ക് പുറത്ത് നിന്ന് നോക്കാനേ കഴിയൂവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
മുഖത്ത് മൂന്ന് ലെയര്‍ ടാറ്റൂകളുണ്ടെന്നാണ് മെലിസ അവകാശപ്പെടുന്നത്. ആദ്യം വരച്ച ചിത്രങ്ങളുടെ മേല്‍ വീണ്ടും ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു. എന്നിട്ടും തൃപ്തിവരാതെ മൂന്നാമതും മെലിസ സ്വന്തം മുഖത്ത് ടാറ്റൂ ചെയ്തു. താന്‍ ടാറ്റൂകള്‍ക്ക് അടിമയാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ പണം ലാഭിക്കുന്നതിനായി ഇപ്പോള്‍ തന്റെ പങ്കാളിയുടെ സഹായത്തോടെ പുതിയ ഡിസൈനില്‍ ആഴ്ചയില്‍ മൂന്ന് വീതം ടാറ്റൂകള്‍ താന്‍ ചെയ്യാറുണ്ടെന്നും മെലിസ പറയുന്നു. പൊതുസമൂഹത്തില്‍ നിന്ന് വിലക്ക് നേരിടുമ്പോഴും ഇനിയും ടാറ്റൂകള്‍ ചെയ്യാന്‍ തന്നെയാണ് മെലിസയുടെ തീരുമാനം.






