
തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് മനീഷ സുബ്രഹ്മണ്യനും സാഗര്‍ സൂര്യയും. സീരിയയലില്‍ ഇരുവരും അമ്മയും മകനുമായാണ് എത്തിയത്. ഇത്തവണത്തെ ബിഗ് ബോസ് ഷോയില്‍ ഇവര്‍ മത്സരാര്‍ത്ഥികള്‍ ആയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് മനീഷയും സാഗറും ഹൗസില്‍ നിന്നും പടിയിറങ്ങിയത്. ജീവിതത്തിലും സാഗറും, മനീഷയും തമ്മിലുള്ള ആത്മബന്ധം വലുതാണ്.
ഇപ്പോള്‍ വൈറലാകുന്നത് മനീഷയും, സാഗറും തമ്മിലുള്ള ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ്. അമ്മയും മകനും എന്ന ആത്മബന്ധം ഒരിക്കല്‍ കൂടി ഊന്നി പറയുന്നതാണ് ഫോട്ടോഷൂട്ട് എന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ക്കൊപ്പം നെഗറ്റീവ് കമന്റുകളും നിമിഷ നേരം കൊണ്ടാണ് നിറഞ്ഞത്. ബിഗ്ബോസ് പ്രേക്ഷകരുടെ വകയായിരുന്നു നെഗറ്റീവ് കമന്റുകള്‍. എന്നാല്‍ ഇതിനെല്ലാം കൃത്യമായ മറുപടികള്‍ മനീഷ നല്‍കിയിട്ടുമുണ്ട്.
സീരിയലിനു പുറമേ സിനിമയിലും വേഷമിട്ടിട്ടുണ്ട് മനീഷ. മോഹന്‍ലാല്‍ ചിത്രമായ 'തന്മാത്ര'യിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 'രസതന്ത്രം', 'എന്നും എപ്പോളും', 'ജനമൈത്രി' തുടങ്ങി പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ടോളം സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജ് ചിത്രം ' കുരുതി' യില്‍ ഒരു പ്രധാന വേഷത്തില്‍ സാഗറും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






