
വ്യാജ നോട്ടുകള്‍ കൈയ്യില്‍ വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ ഇവിടെ ഒരു ഡോക്ടര്‍ തനിക്ക് രോഗി നല്കിയിട്ടുപോയ വ്യാജ നോട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.ഡോ. മനന്‍ വോറയാണ് തനിക്ക് ലഭിച്ച വ്യാജ നോട്ട് പുതിയ സാമൂഹിക മാധ്യമമായ ത്രെഡ്സില്‍ പങ്കുവച്ചത്. 500 ന്റെ വ്യാജന് നിര്‍മ്മിക്കാനുപയോഗിച്ച പരീക്ഷണം രസകരമാണെന്നായിരുന്നു ഡോ മനന്‍ വോറയുടെ നിരീക്ഷണം. പങ്കുവയ്ക്കപ്പെട്ട ചിത്രം വളരെപ്പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
യഥാര്‍ത്ഥത്തില്‍ രണ്ട് നോട്ടുകള്‍ തമ്മില്‍ കൂട്ടിയൊട്ടിച്ചതരത്തിലുള്ള 500 ന്റെ നോട്ട് ആണ് ഡോ. വോറ പങ്കുവച്ചത്. 500 രൂപയുടെ നോട്ട് ഒരു പകുതി യഥാര്‍ത്ഥ നോട്ടാണ്. പക്ഷേ അതിന്റെ മറുപകുതിയോളം കത്തിപ്പോയിരിക്കുന്നു. ഈ കത്തിപ്പോയ ഭാഗത്താണ് മറ്റൊരു 500 രൂപ നോട്ടിന്റെ പകുതി കീറിയെടുത്ത് ഒട്ടിച്ചിരിക്കുന്നത്. ആ ഒട്ടിച്ച് വച്ച പകുതിയില്‍ 'സ്കൂളിലെ പ്രോജക്റ്റ് ഉപയോഗത്തിന് മാത്രം' എന്ന് ചുവന്ന മഴിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കുന്നതും കാണാം. വ്യാജ നോട്ടിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ''അടുത്തിടെ, ഒരു രോഗി ഈ പണം ഉപയോഗിച്ച് ഒരു കണ്സള്ട്ടേഷന് യഥാര്‍ത്ഥത്തില്‍ പണം നല്കി. എന്റെ റിസപ്ഷനിസ്റ്റ് അത് പരിശോധിച്ചില്ല. (കാരണം സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നില്ല, അല്ലേ?) എന്നാല്‍ ഇത് ഒരു ഡോക്ടറെ ആകാര്‍ഷിക്കാന്‍ വേണ്ടിയാണെങ്കിലും ആളുകള്‍ എത്രത്തോളം പോകും എന്ന് കാണിക്കാന്‍ പോകുന്നു.'
ഡോ.വോറ പിന്നെയും എഴുതി, 'അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും അത് ലളിതമായി കടന്നുപോയി. എന്തായാലും, ഞാന്‍ നന്നായി ചിരിച്ചു, 500 രൂപ കബളിപ്പിക്കപ്പെട്ടിട്ടും ഞാന്‍ ഈ പണം ഒരു രസകരമായ ഓര്‍മ്മയായി സൂക്ഷിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രെഡ്സ് ഉപയോക്താക്കള്‍ക്ക് ഡോക്ടറുടെ കുറിപ്പ് വായിച്ച് ചിരിയൊതുക്കാനായില്ല. 'രോഗി കയ്പേറിയ ഒരു ഓര്‍മ്മ ബാക്കിയാക്കി.' ഒരു വായനക്കാരന് എഴുതി. 'നമ്മള് ചിരിക്കണോ അതോ സഹതാപം കാണിക്കണോ?' മറ്റൊരാള്‍ സംശയാലുവായി.






