
മനുഷ്യര്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിവാഹിതരായ ആളുകളില്‍ ഇത്തരം പിണക്കങ്ങള്‍ അതിരുകടക്കുമ്പോഴാണ് പലരും ഡിവോഴ്സിന് തയ്യാറാകുന്നത്. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ഇണക്കങ്ങളും പിണക്കങ്ങളുമുള്ളത്. പക്ഷികള്‍ക്കിടയിലും ഡിവോഴ്സ് ഉണ്ടാകാറുണ്ടെന്നാണ് പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. ഏകപത്നീവ്രതക്കാര്‍ കൂടിയായ പക്ഷികള്‍ക്ക് ജീവിതകാലത്ത് ഒരു ഇണ മാത്രമാകും ഉണ്ടാവുക. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം ലൈംഗിക പ്രശ്നങ്ങള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ മൂലം പക്ഷികളും ഇണപിരിയലിന്റെ വക്കിലെത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കണ്ടെത്തലിന് പിന്നില്‍ ചൈന, ജര്‍മനി എന്നിവിടങ്ങളിലെ ഗവേഷകരാണ്. 232 പക്ഷിവിഭാഗങ്ങളെ ഗവേഷക സംഘം പഠന വിധേയമാക്കി. ഡിവോഴ്സിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആണ്‍പക്ഷികള്‍ മറ്റ് പെണ്‍പക്ഷികളെ തിരഞ്ഞു പോകുന്നത് ഡിവോഴ്സിന് പ്രധാന കാരണമായതായും പഠനം ചൂണ്ടിക്കാട്ടുന്നു. പെണ് പക്ഷികളില്‍ ഇത് കുറവാണെന്നുമാണ് കരുതപ്പെടുന്നത്. ദേശാടനത്തിന് തിരഞ്ഞെടുക്കുന്ന ദൂരം ഡിവോഴ്സിന് ഒരു പ്രധാന കാരണമാണെന്ന് വിലയിരുത്തലിലേക്ക് ഗവേഷക സംഘം എത്തി.
എന്നാല്‍ പ്രായപൂര്‍ത്തിയായ പക്ഷികളുടെ മരണ നിരക്കിന് ഡിവോഴ്സുമായി യാതൊരു ബന്ധവുമില്ലെന്നും പഠനം കണ്ടെത്തി. ഉയര്‍ന്ന വിവാഹമോചന നിരക്കുകളുള്ള സ്പീഷിസുകള്‍ പലപ്പോഴും പരസ്പരം അടുത്ത ബന്ധമുള്ളവരാണെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഇതേ പ്രവണത തന്നെ കുറഞ്ഞ ഡിവോഴ്സ് നിരക്കിലും കണ്ടെത്തി. പ്രൊസീഡിംഗസ് ഓഫ് ദി റോയല്‍ സൊസൈറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.






