
തിരുവനന്തപുരം : മുതലപ്പൊഴി സന്ദര്‍ശിക്കാനെത്തി മന്ത്രിമാര്‍ക്ക് നേരയെുണ്ടായ പ്രതിഷേധത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാര്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസുകാരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പിന്നില്‍ രാഷ്ട്രീയമാണ്.
പ്രതിഷേധിച്ചവര്‍ പ്രദേശവാസികളല്ല. അവര്‍ കാരണം പ്രശ്നം ഉണ്ടാകരുതെന്ന് കരുതിയാണ് മടങ്ങിയത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഫാദര്‍ യൂജിന്‍ പെരേരക്കെതിരെ കൂടുതല്‍ പ്രതികരണത്തിനില്ല. പറയാനുളളത് മന്ത്രി വി ശിവന്‍കുട്ടിയും യൂജിന്‍ പെരേരയും പറഞ്ഞു കഴിഞ്ഞു.
ഇനി ഒരു കൂട്ടിച്ചേര്‍ക്കലിന് ഇല്ല. തീരപ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അത് ജനം മനസിലാക്കണം. പോലീസ് കേസെടുത്തത് സ്വാഭാവികമാണ്. മന്ത്രിമാര്‍ പരാതി നല്‍കിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് പോയ മന്ത്രിമാരെ എന്തിന് കോണ്‍ഗ്രസ് തടഞ്ഞു? മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിര്‍മാണം പരിഹരിക്കും.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു.
അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ ഇന്നലെ എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞിരുന്നു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മന്ത്രിമാർ ആരോപിച്ചു. ഇതിനു പിന്നാലെ ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പോലീസ് കേസെടുത്തു.






