
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പേരില്‍ ഫാ.യൂജിന്‍ പേരരയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിക്ഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. തീരദേശ ജനങ്ങളോടുളള വെല്ലുവിളിയാണിത്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്. മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്കിയ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. സര്‍ക്കാര്‍ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.
യുജിന്‍ പെരേരയ്ക്കെതിരെ കേസ് അടിയന്തരമായി പിന്‍വലിക്കണം. അതിജീവന സമരത്തെയാണ് സര്‍ക്കാര്‍ തളളിപ്പറയുന്നത്. വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുളളവര്‍. സാന്ത്വനത്തിന്റെ വാക്കായിരുന്നു മന്ത്രിമാര്‍ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയിരുന്നു. സംഘം ഇന്ന് വീണ്ടും തെരച്ചിൽ തുടരും. കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെയാണ് മുതലപൊഴി തുറമുഖ കവാടത്തിൽ അപകടം നടന്നത്. സംഭവത്തിൽ പുതുക്കുറിച്ചി സ്വദേശിയ മത്സ്യതൊഴിലാളി കുഞ്ഞുമോൻ മരണപ്പെട്ടിരുന്നു.
അപകടം നടന്ന സ്ഥലം സന്ദർശിക്കാൻ ഇന്നലെ എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞിരുന്നു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞത്.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദർ യൂജിൻ പെരേരയാണെന്ന് മന്ത്രിമാർ ആരോപിച്ചു. ഇതിനു പിന്നാലെ ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനു കേസെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പോലീസ് കേസെടുത്തു.






