
രാസായുധങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാനാവാത്ത വിധം തങ്ങള്‍ നശിപ്പിച്ചു എന്ന യുഎസിന്റെ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ആയുധങ്ങളോടുള്ള തങ്ങളുടെ ആഭിമുഖ്യത്തില്‍ മാറ്റം വരുത്താനും പുനര്‍വിചിന്തനം വരുത്താനും ഒരുപാട് സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് 1968ലെ നിഗൂഢമായ 'സ്കള്വാലി' സംഭവം. ആറായിരത്തിലധികം ചെമ്മരിയാടുകളാണ് അന്നേദിനം യൂട്ടായിലെ സ്കള്‍വാലിയില്‍ ചത്തൊടുങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ സംഭവം വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു.
യുഎസിലെ വിദൂരമേഖലയും ഗ്രാമപ്രദേശവുമായ സ്കള്‍വാലിയില്‍ 1968 മാര്‍ച്ച് 14നായിരുന്നു ഈ ദാരുണ് സംഭവം നടന്നത്. ആറായിരത്തിലധികം ചെമ്മരിയാടുകളുടെ ശരീരങ്ങള്‍ മഞ്ഞുനിറഞ്ഞ സ്ഥലത്ത് ചിതറിക്കിടക്കുന്ന രീതിയില്‍ സ്കള്വാലി അധികൃതര്‍ കണ്ടെത്തി. സ്കള്‍വാലിയില്‍ സംഭവിച്ച ചെമ്മരിയാടുകളുടെ ഈ കൂട്ടമരണം താമസിയാതെ അധികാരികളുടെ ശ്രദ്ധ നേടി. ഇത്രയധികം ചെമ്മരിയാടുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്. പല വാദങ്ങളും കാരണങ്ങളും പ്രചരിച്ചു.ആടുകള്‍ എന്തോ വിഷപ്പുല്ല് ഭക്ഷിച്ചാണു മരണപ്പെട്ടതെന്നായിരുന്നു ആദ്യത്തെ നിഗമനം. മേഖലയിലെ കര്‍ഷകര്‍ എന്തോ ഹാനികരമായ കളനാശിനികള്‍ ഉപയോഗിച്ചതാകാം കാരണമെന്ന വാദവും ഉയര്‍ത്തപ്പെട്ടു. എന്നാല്‍ മറ്റൊരു സാധ്യതയിലേക്കും വിരല്‍ചൂണ്ടപ്പെട്ടു. യുഎസ് ആര്‍മിയുടെ രാസായുധ പരീക്ഷണ ശാലയായ ഡഗ്വേ പ്രൂവിങ് ഗ്രൗണ്ട് അവിടെയടുത്തായാണ് സ്ഥിതി ചെയ്തിരുന്നത്. കൂടിവന്നാല്‍ 40 കിലോമീറ്ററിന്റെ വ്യത്യാസം.
അധികം താമസിയാതെ നടന്ന പരീക്ഷണങ്ങളിലും പരിശോധനകളിലും വിവാദത്തിന്റെ മൂടി തുറന്നുവിട്ട ഒരു കാര്യം തെളിഞ്ഞു. സംഭവത്തിനു പിന്നില്‍ യുഎസ് ആര്‍മിയുടെ രാസപരീക്ഷണങ്ങള്‍ തന്നെയായിരുന്നു. വിഎക്സ് എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപകടകാരിയായ വിഷമായിരുന്നു അന്ന് സ്കള് കൗണ്ടിയില്‍ വീണത്. ഇതു വഹിച്ചുവന്ന വിമാനത്തിന് എന്തോ തകരാര്‍ നേരിട്ടതിനെത്തുടര്‍ന്നാണ് ഈ വിഷം ഇവിടെ വീണത്.
സംഭവം വിവാദമായെങ്കിലും വിശദമായ അന്വേഷണ റിപ്പോര്‍ട്ടൊന്നും യുഎസ് സൈന്യം പുറത്തിറക്കിയില്ല. ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ നഷ്ടപരിഹാരം നല്കി. ചത്ത ആടുകളുടെ ശരീരങ്ങള്‍ മറവ് ചെയ്യാന്‍ ബുള്‍ഡോസറുകളും വിട്ടുകൊടുത്തു. എന്നാല്‍ ഈ സംഭവങ്ങള്‍ വീണ്ടും പുറത്തുവന്നതോടെ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ യുഎസിന് തയ്യാറാകേണ്ടിവന്നു.






