
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ആദ്യ ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും , 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നല്‍കണ്ടേ തീയതി ഇന്നാണെങ്കിലും അത് ഇനിയും വൈകുമെന്നാണ് വിവരം.
ശമ്പളം വൈകിയതില്‍ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാര്‍. ഇന്നലെ കോര്പറേഷന് സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎന്‍ടിയുസി തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു , ബിഎംഎസ് സംഘടനകളും പ്രതിക്ഷേധിച്ചു.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ഈമാസം 20നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
സർക്കാർ ധനസഹായമായ 30 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു






