
ഭോപ്പാല്‍: കൂനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ച ചീറ്റകളിലൊന്നുകൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച തേജസ് എന്ന് പേരുള്ള ആണ്‍ചീറ്റയാണ് ചത്തത്. ചൊവ്വാഴ്ച രാവിലെ കഴുത്തിന് പരിക്കേറ്റ നിലയിലാണ് തേജസിനെ ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരെ അധികൃതര്‍ വിവരമറിയിച്ചുവെങ്കിലും ഉച്ചയോടെ ജീവന് നഷ്ടമാകുകയായിരുന്നു.
കുറഞ്ഞ നാളുകള്‍ക്കിടയില്‍ കൂനോയില്‍ ചാകുന്ന ഏഴാമത്തെ ചീറ്റയാണ് തേജസ്. സാഷ, ഉദയ് തുടങ്ങിയ ചീറ്റകള്‍ അസുഖബാധിതരായി ചത്തപ്പോള്‍ ഇണചേരലിനിടെയാണ് ദക്ഷ എന്ന പെണ്‍ചീറ്റ ചാകുന്നത്. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തിരുന്നു. ഇതോടെയാണ് കുനോ ദേശീയോദ്യാനത്തില്‍ ചത്തൊടുങ്ങിയ ചീറ്റകളുടെ എണ്ണം ഏഴായി വര്‍ധിച്ചത്.
ഇത്തരത്തില്‍ ചീറ്റകളുടെ മരണ സംഖ്യ ഉയരുന്നത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. രണ്ട് ബാച്ചുകളിലായി 20-ഓളം ചീറ്റകള്‍ രാജ്യത്ത് എത്തിയിരുന്നു. ആദ്യ ബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളുമാണെത്തിയത്. ഇന്ത്യയില്‍ വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചീറ്റകള്‍ വീണ്ടുമെത്തിയത്. ഇതിനായി പ്രൊജ്ക്ട് ചീറ്റ എന്നൊരു പദ്ധതിക്ക് കൂടി കേന്ദ്രം രൂപം നല്‍കിയിട്ടുണ്ട്.






