
ന്യുഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസില്‍ പ്രതിക്കൂട്ടിലായ ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ വീണ്ടും ആരോപണം. പീഡന കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച മേല്‍നോട്ട സമിതിക്കു മുമ്പാകെ മൊഴി നല്കുന്നതില് നിന്ന് പിന്മാറാന് ബ്രിജ് ഭൂഷന്റെ അടുത്ത കൂട്ടാളികള്‍ പല തവണ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. താരങ്ങള്‍ എഴുതി നല്കിയ പരാതിയിലാണ് ഈ ആരോപണം.
ആറ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പീഡന ആരോപണം ഉന്നയിക്കുന്നത്. നടപടിയെടുക്കാന്‍ പോലീസ് വിസമ്മതിച്ചതോടെ താരങ്ങള്‍ അനിശ്ചിതകാല സമരം നടത്തുകയും ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്ത് 1,600 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷനെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ല.
പരാതിയില്‍ നിന്ന് പിന്മാറാന് ബ്രിജ് ഭൂഷന്റെ അടുപ്പക്കാര്‍ സമീപിച്ച് സമ്മര്‍ദ്ദം നടത്തിയെന്നാണ് മേല്‍നോട്ട സമിതിക്ക് ഫെബ്രുവരി 13ന് അയച്ച മെയിലില്‍ പറയുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ജയ് പ്രകാശ്, മഹാവീര്‍ ബിഷ്ണോയി, ദിലീപ് എന്നിവര്‍, ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യപ്പെട്ട് തങ്ങള്‍ സമരം ചെയ്തുകൊണ്ടിരുന്ന ജെഎല്എസ് സ്റ്റേഡിയത്തിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞത്. തങ്ങള്‍ മൊഴി നല്കിയ ദിവസം മുഴുവന്‍ ഇവര്‍ പരിസരത്ത് തുടര്‍ന്നു. ഇത് തങ്ങള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അവര്‍ പരാതിക്കാരായ താരങ്ങളെ സമീപിക്കുന്നത് കണ്ടുവെന്നും അവരെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇത് ഒട്ടുംതന്നെ അംഗീകരിക്കാനാവില്ലെന്നും താരങ്ങള്‍ പറയുന്നു. ഇവരുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. അത് തങ്ങളുടെ സ്വകാര്യത ഇല്ലാതാക്കി. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം വഹിക്കും? മൊഴി രേഖപ്പെടുത്തുന്ന സ്ഥലത്ത് മറ്റൊരാളുടെ സാന്നിധ്യം കണ്ടുവെന്നും അയാള്‍ ആരാണെന്ന് പറഞ്ഞിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മൊഴി എടുക്കുന്ന ആറംഗ സമിതി അല്ലാതെ മറ്റാരും സ്ഥലത്തുണ്ടാകാന്‍ പാടില്ല എന്നിരിക്കേ ഇവരുടെ സാന്നിധ്യം നിയമവിരുദ്ധമായിരുന്നുവെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.






