
മലയാളികള്‍ക്ക് ഏറെയിഷ്ടപ്പെട്ട പാട്ടുകള്‍ തന്റേതായ ശൈലിയില്‍ പാടി കവര്‍ വേര്‍ഷനുകളിലൂടെ ഹിറ്റായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കരിയര്‍ ബ്രേക്ക് കിട്ടിയ നടിയും ഗായികയുമാണ് അഞ്ജു. നിരവധി സിനിമകളിലും പാടിയിട്ടുള്ള താരത്തിന്റെ വിവാഹം ഐഡിയ സ്റ്റാര്‍ പങ്കെടുത്ത് അധികം താമസിയാതെ തന്നെയായിരുന്നു. എന്നാല്‍ നാല് വര്‍ഷം മുമ്പ് അഞ്ജു വിവാഹമോചിതയായി. അടുത്തിടെ ഒരു ടോക്ക് ഷോയില്‍ പങ്കെടുത്തപ്പോഴാണ് താൻ വിവാഹമോചിതയാണെന്ന കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പബ്ലിക്കാക്കാൻ താല്പര്യമില്ലാത്ത വ്യക്തിയാണ് അഞ്ജു. എന്നാല്‍ ചിലര്‍ക്കെങ്കിലും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാൻ തന്റെ അനുഭവങ്ങള്‍ ഉപകാരപ്പെട്ടാലോയെന്ന ചിന്തയില്‍ നിന്നാണ് എല്ലാം തുറന്ന് പറയാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അഞ്ജു പറയുന്നു. കുറച്ചധികം വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നത്.
വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാനാണ് താൻ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടതെന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജു ജോസഫ് സംസാരിച്ച് തുടങ്ങുന്നത്.‘‘ഒരു ഘട്ടത്തില്‍ പിരിയേണ്ട അവസ്ഥയിലേക്ക് ജീവിതം എത്തി. എന്നാല്‍ ഡിവോഴ്സ് എന്ന വാക്ക് തന്നെ ഭയപ്പെടുത്തി. വളരെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് വിവാഹമോചനത്തിന് മുതിര്‍ന്നത്. വിവാഹമോചനത്തിന് ശേഷം തകര്‍ന്നുപോയ ഞാന്‍ തെറാപ്പികൊണ്ടാണ് ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കാൻ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്ന വ്യക്തി കൂടിയാണ് ഞാന്‍.
വിവാഹമോചനത്തിന് ശേഷം എന്നെ കുറിച്ച് ആളുകള്‍ എന്തായിരിക്കും പറയുക എന്നത് എന്നെ വല്ലാതെ അലട്ടിയ ഒരു വിഷയമായിരുന്നു. വിവാഹമോചനം എന്നത് സമൂഹം പൂര്‍ണമായും അംഗീകരിച്ചോ എന്ന് ചോദിച്ചാല്‍ എനിക്ക് സംശയമാണ്. വിവാഹമോചനം നടക്കുന്ന സമയത്ത് ഞാൻ ക്ലിനിക്കല്‍ ഡിപ്രഷനിലേക്ക് പോയിരുന്നു. വിവാഹമോചനം കൊണ്ട് മാത്രം ഡിപ്രഷൻ വന്നുവെന്ന് പറയില്ല. മുമ്പും ആങ്സൈറ്റിയുള്ള ആളായിരുന്നു ഞാൻ. മുമ്പൊക്കെ രാവിലെ എണീക്കുമ്പോള്‍ മുതല്‍ ഉച്ചവരെ ഞാൻ നിര്‍ത്താതെ ഇരുന്ന് കരയുമായിരുന്നു. പിന്നെ എഴുന്നേറ്റ് സൗണ്ട് ചെക്കിന് പോകും വീണ്ടും വന്നിരുന്ന് കരയും. ശേഷം ഷോ ചെയ്യാൻ പോകുമെന്ന സ്ഥിതിയായിരുന്നു. നമ്മുടെ ജോലി എന്റര്ടെയ്ൻ ചെയ്യിപ്പിക്കുക എന്നുള്ളത് ആയതുകൊണ്ട് തന്നെ ചിരിച്ച മുഖത്തോടെ അല്ലാതെ ആളുകള്‍ക്ക് മുന്നില്‍ നില്ക്കാൻ സാധിക്കില്ല. എനിക്ക് ഭക്ഷണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. നിര്‍ത്താതെ ബെഡ്ഡില്‍ കിടന്ന് കരയുന്ന എന്നെ കാണുമ്പോള്‍ സുഹൃത്തുക്കള്‍ ഫുഡ് ഓഡര്‍ ചെയ്യും. അത് വന്ന് കഴിഞ്ഞ് കഴിച്ചുകൊണ്ടിരിക്കുന്ന പത്ത്, പതിനഞ്ച് മിനിറ്റ് ഞാൻ കരയാതിരിക്കും. അത് കഴിയുമ്പോള്‍ വീണ്ടും കരയും. പിന്നീട് ഒരു തെറാപ്പിസ്റ്റിനെ കണ്ട് ട്രീറ്റ്മെന്റ് എടുത്ത് തുടങ്ങിയ ശേഷമാണ് എന്റെ അവസ്ഥയില്‍ മാറ്റം വന്നത്.അതുവരെ ജീവിതം ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയായിരുന്നു. തെറാപ്പികൊണ്ടാണ് ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നതെന്നും പറയാം...’’ അഞ്ജു പറയുന്നു. അടുത്തിടെ തേടല്‍ എന്നൊരു മ്യൂസിക്ക് ആല്‍ബം അഞ്ജു പുറത്തിറക്കിയിരുന്നു. താരത്തിന്റെ കവര്‍ സോങുകള്ക്കാണ് അന്നും ഇന്നും ആരാധകര്‍ കൂടുതല്‍.






