
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ആവേശത്തിലാണ് മലയാള സിനിമ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച നടിക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും നേടി. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇഷ്ടപ്പെട്ട താരങ്ങൾക്ക് പുരസ്കാരം ലഭിക്കാതെ വരുമ്പോൾ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നത് സാധാരണമാണ്. സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ അനിഷ്ടം പ്രകടിപ്പിക്കാറുമുണ്ട്.
മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ പ്രകടനം ജൂറി കണ്ടില്ലെന്നു നടിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന് ശരത് ദാസ്.
‘എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ... എന്തായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസ് കൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നുകഴിഞ്ഞു മോളേ...’ദേവനന്ദയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് ശരത് കുറിച്ചു.
മാളികപ്പുറം എന്ന ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ദേവനന്ദയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഈ വര്‍ഷത്തെ ബാലതാരങ്ങള്ക്കുളള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡിസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്. സനല്‍ കുമാര്‍ ശശിധരന് ചിത്രം വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.






