
നടിയും അവതാരകയായും തിളങ്ങി നില്ക്കുന്ന താരമാണ് പാര്‍വ്വതി കൃഷ്ണ. കരിയറും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോകാറുള്ള പാര്‍വ്വതി തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഏഴു ദിവസത്തിനു ശേഷം തന്റെ കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴുള്ള സന്തോഷം പങ്കിട്ടിരിക്കുകയാണ് പാര്‍വ്വതി. അരികിലില്ലാത്ത അമ്മ അരികിലെത്തിയപ്പോഴുള്ള രസകരവും വൈകാരികവുമായ വീഡിയോയാണത്. അമ്മയെത്തുമ്പോള്‍ ഉറക്കത്തിലായിരുന്ന അച്ചുക്കുട്ടന് അമ്മയെ കണ്ടതും കുഞ്ഞുമ്മയും കെട്ടിപിടുത്തവുമായി അമ്മയുടെ മാറിലേക്ക് ചാഞ്ഞു. കുറെ സമയം കഴിഞ്ഞ് ഉറക്കം തെളിഞ്ഞപ്പോള്‍ ‘പാറൂ ചോക്ലേറ്റ് വാങ്ങിച്ചോണ്ടു വരണേ’ എന്നായി അച്ചുക്കുട്ടന്റെ ആവശ്യം. ചോക്ലേറ്റ് വാങ്ങിച്ചല്ലോ എന്ന് അമ്മ പറഞ്ഞതും അച്ചുക്കുട്ടന് ഹാപ്പിയായി. പാറൂ..എന്നുള്ള അച്ചുവിന്റെ ആ വിളിയാണ് വീഡിയോയുടെ ഹൈലൈറ്റ്. ഏഴ് ദിവസത്തെ ജോലിയ്ക്ക് ശേഷം അച്ചുവിനരികെ എത്തിയതാണ് പാര്‍വതി.
മാലിക്ക് എന്ന സിനിമയ്ക്കു ശേഷം പാര്‍വതി അഭിനയിച്ച ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയില്‍ അച്ചുവും അമ്മയും അഭിനയിച്ചിരുന്നു.‘അഭിനേത്രി, അമ്മ എന്നീ നിലകളില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. മാലിക്കിന് ശേഷം താന്‍ അഭിനയിക്കുന്ന സിനിമയില്‍ അച്ചുക്കുട്ടനും അഭിനയിക്കുന്നു’ എന്നാണ് ആ സിനിമയെക്കുറിച്ച് പാര്‍വ്വതി കുറിച്ചത്. പാര്‍വതി കൃഷ്ണയും മകന് അച്ചുക്കുട്ടനും സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരങ്ങളാണ്. അച്ചുവിന്റെ നിരവധി വീഡിയോകള്‍ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.






