
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതിനെതിരെ നല്കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറെന്ന് വിനായകന്. സോഷ്യല്‍ മീഡിയയിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിനായകന്റെ കൊച്ചിയിലെ ഫ്ളാറ്റിന് നേരെ അക്രമമുണ്ടായത്.
വൈകിട്ട് നാല് മണിയോടെയായിരുന്നു കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമുളള ഫ്ളാറ്റില്‍ ആക്രമണം നടന്നത്. അക്രമം നടത്തിയവര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എത്തിയത്. സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസും ഫ്ളാറ്റിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. എന്നാല്‍ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത്
പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം കൊച്ചി സിറ്റി പോലീസ് ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന് വിനായകനെ ഇന്ന് ചോദ്യം ചെയ്തു. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസാണ് വിനായകനെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണാണ് നിര്‍ണായക തെളിവായി പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ വിനായകന് കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് ഫേസ്ബുക്കില്‍ ലൈവ് നടത്തിയതെന്നാണ് വിനായകന് പോലീസിനോട് പറഞ്ഞത്.






