
ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന് റദ്ദാക്കി . സംസ്ഥാനത്ത് മൂന്ന് ഗവണ്മെന്റ് മെഡിക്കല്‍ കേളേജജുകളിലെ വിവിധ പി ജി കോഴ്സുകളുടെ ആംഗീകാരം നാഷണല്‍ കൗണ്‍സില്‍ റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് വിവരങ്ങള്‍ പറയുന്നത്.
ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സീറ്റുകളുടെ അംഗീകാരം റദ്ദാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം ഡി എമര്‍ജന്‍സി മെഡിസിന്, പരിയാരം മെഡിക്കല്‍ കോളേജിലെ എം ഡി എമര്‍ജന്‍സി മെഡിസിന് ,എം എസ് ഓര്‍ത്തോ ,എം എസ് ഇ എന്‍ ടി , തൃശൂര്‍ മെഡിക്കല്‍ കോളജിലെ എംഎസ്ഇഎന്ടി കോഴ്സുകളുടെ അംഗീകാരവും നാഷണല്‍ മെഡിക്കല്‍ കമ്മീഷന് റദ്ദാക്കി.
ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടും , പരിയാരം ,തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ഏഴ് വീതവും പിജി സീറ്റുകള്‍ നഷ്ടപ്പെടും. കാരക്കോണം മെഡിക്കല്‍ കോളേജിലെ എംഎസ്ഇഎന്ടിയുടെ രണ്ട് സീറ്റുകളുടെ അംഗീകാരവും നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയിട്ടുണ്ട്.
മൂന്ന് മെഡിക്കൽ കോളജുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിന് ആരോഗ്യ സർവ്വകലാശാലയുടെ അനുമതിയില്ലെന്ന വിവരവും രജിസ്ട്രാർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിൽ വിശദമാക്കുന്നു. കോന്നി, പാലക്കാട്, ഇടുക്കി ഗവ. മെഡിക്കൽ കോളജുകൾക്കാണ് അനുമതിയില്ലാത്തത്.
ഫാക്കൽറ്റിയുടെയും റെസിഡൻസിൻറെയും കുറവാണ് അനുമതി നിഷേധിക്കാൻ കാരണം. പാലക്കാട് മെഡിക്കൽ കോളജിൽ ആവശ്യമുള്ളതിലും 14 ശതമാനം ഫാക്കൽറ്റിയുടെ കുറവാണ് ഉള്ളത്. കോന്നിയിൽ 33ശതമാനവും ഇടുക്കിയിൽ 40 ശതമാനവും ഫാക്കൽറ്റികളുടെ കുറവുണ്ട്. ഫാക്കൽറ്റികളുടെയും റസിഡൻസിന്റെയും കുറവ് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഈ വർഷം കോഴ്സ് നടത്തുന്നത് ബുദ്ധിമുട്ടാകും.






