ജുന്ജൂന്: ഉത്തര്‍പ്രദേശിലെ ജുന്‍ജുനില്‍ പേപ്പട്ടിയുടെ കടിയേറ്റ രണ്ടര വയസ്സുകാരി മരിച്ചു. രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ പട്ടി കടിച്ചത്് തിങ്കളാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
എന്നാല്‍ മരിക്കും മുന്‍പ് പെണ്‍കുട്ടി കടിച്ചുമുറിവേല്പ്പിച്ചത് 40 പേരെയാണ്. ജുന്‍ജുന്‍ ജില്ലയിലെ കൊന്ചെ തെഹ്സിലില്‍ അമ്മയുടെ വീട്ടില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. വൈകാതെ നായ ചത്തു. പട്ടി കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു പകരം വീട്ടുകാര്‍ ഒരു മുറിവൈദ്യന്റെ അടുത്തുകൊണ്ടുപോയി ചികിത്സ നല്കി. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി വൈകാതെ കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. കുടുംബം അത് അവഗണിക്കുകയായിരുന്നു.
ഈ ദിവസങ്ങളില്‍ കണ്ടവരെ എല്ലാം കുട്ടി മാന്തുകയും കടിക്കുകയും ചെയ്തു. വെള്ളിയാഴ്ച കുഴഞ്ഞുവീണ കുട്ടിയെ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഝാന്‍സിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച മരണം നടക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചതോടെ കുട്ടിയുടെ കടിയും മാന്തുമേറ്റവര് ആശുപത്രിയില്‍ എത്തി റാബീസ് വാക്സിന് സ്വീകരിച്ചു. റാബീസ് വാക്സിന് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആശുപത്രി ചുമതലയുള്ള ദിനേശ് ബര്ദരിയ പറയുന്നത്.






