
മാറനല്ലൂരില്‍ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ഇന്നലെയാണ് സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സജികുമാറിനെ മധുരയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹകരണ ബാങ്കിലെ സാമ്പത്തിക തര്‍ക്കങ്ങളാണെന്ന് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. കുറിപ്പില്‍ സിപിഐ നേതാവ് ഭാസുരാംഗനെതിരെയും ആരോപണമുന്നയിച്ചിട്ടുണ്ട്. സജി കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗന് ചതിച്ചെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സിപിഐ സാമ്പത്തിക ഇടപാടുകളും പ്രാദേശിക പ്രശ്നങ്ങളും വ്യക്തമാക്കിയുളള ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഡയറിയില്‍ ഇത് കൂടാതെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ സുധീര്‍ഖാനെതിരെയും പരാമര്‍ശമുണ്ട്. സുധീര്ഖാന് വെളളൂര്‍ക്കോണം സഹകരണസംഘത്തില്‍ സാമ്പത്തിക തിരിമറി നടത്തി. സുധീര്ഖാന് വരുത്തിയ സാമ്പത്തിക ബാധ്യതയുടെ കണക്കും ഡയറിക്കുറിപ്പിലുണ്ട്. ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിനുള്ളില്‍ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീര്‍ഖാന്റെ മുഖത്തേക്ക് സജികുമാര്‍ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് എ. ആര്. സുധീര്ഖാന്. 45 ശതമാനത്തോളം പൊള്ളലേറ്റ സുധീര്‍ ഖാന് അപകടനില തരണം ചെയ്തുവെങ്കിലും തീവ്ര പരിചരണ വിഭാഗത്തിലാണ്.






