
അലഹബാദ് ഹൈക്കോടതി ഗ്യാന്‍വാപി പള്ളിയിലെ എഎസ്ഐ സര്‍വേക്കുള്ള ഇടക്കാല സ്റ്റേ നീട്ടി . സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. കേസില്‍ ഹൈക്കോടതിയില്‍ നാളെ മൂന്നരയ്ക്ക് വാദം തുടരും. ഈ മാസം മുപ്പത്തിയൊന്ന് വരെ സര്‍വേയ്ക്ക് സമയം നല്‍കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. സര്‍വേ രീതി കോടതി നിര്‍ദ്ദേശപ്രകാരം ഹാജരായ എഎസ്ഐ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പള്ളിയുടെ നിലവിലുള്ള രൂപകല്പനയെ സര്‍വേ ഇല്ലാതെയാക്കുമെന്ന്
മസ്ജിദ് കമ്മറ്റി പറഞ്ഞു. എന്നാല്‍ പള്ളിയാണോ അതോ ക്ഷേത്രമാണോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്തുന്നതെന്ന് ഹിന്ദു വിഭാഗം വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ സര്‍വേയ്ക്ക് സുപ്രീം കോടതി നല്കിയ സ്റ്റേ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി തീരുമാനം.
ഗ്യാന്‍വ്യാപി പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സര്‍വേക്ക് ജില്ലാ കോടതി ഉത്തരവിട്ടത്. അടുത്തമാസം നാലിന് സര്‍വേയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ഇതിനെതിരെയാണ് പള്ളിക്കമ്മറ്റി സുപ്രീം കോടതിയില്‍ എത്തിയത്. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ പരാമര്‍ശിച്ചു.
അപ്പീലിന് പോകാന്‍ സമയം നല്‍കാതെയാണ് നടപടിയെന്നും രാവിലെ ഏഴ് മണിക്ക് സര്‍വേ തുടങ്ങിയെന്നും പള്ളി കമ്മറ്റിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിന് സ്റ്റേ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച വൈകുന്നേരം അഞ്ച് മണി വരെ സര്‍വേ കോടതി തടയുകയായിരുന്നു. ഇതിനുള്ളില്‍ ജില്ലാ കോടതി ഉത്തരവിന് എതിരെ പള്ളി കമ്മറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉടനടി അപ്പീലില്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.






