
ന്യൂഡല്‍ഹി: മമതാബാനര്‍ജിയുടെ അനന്തിരവനും ടിഎംസി എംപിയുമായ അഭിഷേക് ബാനര്‍ജിയ്ക്കും ഭാര്യ രുജിരയ്ക്കും എതിരേ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രീംകോടതി നിര്‍ദേശം. കല്‍ക്കരിയുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ഇരുവരും ചികിത്സയ്ക്കായി പുറത്ത് പോകണമെന്ന കാരണത്താല്‍ ഇ.ഡി.യുടെ നടപടിയ്ക്ക് എതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
അതേസമയം പുറത്തുപോകുന്നതിന് ഒരാഴ്ച മുമ്പായി ഏജന്‍സിയില്‍ നിന്നും അനുമതി വാങ്ങിയിരിക്കണമെന്നും കോടതി പറഞ്ഞു. വിദേശത്തേക്ക് അഭിഷേകും ഭാര്യയും പോകുന്നത് മുങ്ങാനല്ലെന്നും ഒരു പ്രത്യേക ആവശ്യത്തിനാണെന്നും വിലയിരുത്തിയ കോടതി ഇക്കാര്യത്തില്‍ ഇ.ഡി. യില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ കേസില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ഇരുവരും വിദേശത്ത് പോകണമെങ്കില്‍ ഏജന്‍സി അതിന് അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ലുക്കൗട്ട് നോട്ടീസ് ഒരാളെ പുറത്തുപോകാതെ തടഞ്ഞു വെയ്ക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമുള്ള അനുമതിയായി കണക്കാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അഭിഷേക് ബാനര്‍ജിയേയും ഭാര്യയേയും കൊല്‍ക്കത്തയില്‍ വെച്ച് ചോദ്യം ചെയ്താല്‍ മതിയെന്നും ഡല്‍ഹിയിലെ ഓഫീസില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുന്നതിന് സ്റ്റേ നല്കിക്കൊണ്ടും സുപ്രീംകോടതി സമന്‍സ് നല്‍കിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ എത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അഭിഷേക് ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് പാര്‍ലമെന്റില്‍ എത്തിയത്. പശ്ചിമബംഗാളിലെ അസന്‍സോളിന്റെ ചുറ്റിലുമായി കിടക്കുന്ന കുനുസ്തോരിയ, കജോരിയ ഏരിയയിലെ കോടികളുടെ ബിസിനസ് നടക്കുന്ന കല്‍ക്കരി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പണത്തട്ടിപ്പ് നടത്തിയെന്ന് 2020 നവംബറില്‍ സിബിഐ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് ഇ.ഡി.യുടേയും അന്വേഷണം നടക്കുന്നത്.






