
ബോളിവുഡ് ചിത്രം ബാവല്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ വിമര്‍ശനം നേരിടുന്നു. ജൂതസംഘടന സിമോണ്‍ വിസെന്താല് സെന്റര്‍ സിനിമയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ എടുത്തുമാറ്റാന്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിനോട് ഇവര്‍ ആവശ്യപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്തെ ഹോളോകോസ്റ്റിലെ ദശലക്ഷക്കണക്കിന് ആളുകളുടെ കഷ്ടപ്പാടുകളും ആസൂത്രിത കൊലപാതകങ്ങളും സിനിമ നിസാരമാക്കുന്നു എന്നാണ് സംഘടനയുടെ വിമര്‍ശനം. വരുണ്‍ ധവാനും ജാന്‍വികപൂറും പ്രധാനവേഷം ചെയ്ത ബാവല്‍ ഒരു പ്രണയകഥയാണ്. ഒരു ചരിത്ര അദ്ധ്യാപകനെയാണ് വരുണ്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇയാള്‍ ഭാര്യ ജാന്‍വി കപൂറുമായി യൂറോപ്പിലേക്ക് നടത്തുന്ന ഒരു യാത്രയാണ് സിനിമയുടെ വിഷയം.
തന്റെ കുട്ടികളെ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം റീല്‍ ഉണ്ടാക്കാന്‍ ഇദ്ദേഹം നോക്കുമ്പോള്‍ തന്റെ പരാജയവിവാഹത്തെ രക്ഷിക്കാന്‍ ജാന്‍വി ശ്രമിക്കുന്നു. സിനിമയില്‍ ഹിറ്റ്ലര്‍ ആയിരക്കണക്കിന് ജൂതരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് സീനുകള്‍ ഉണ്ട്. സിനിമയില്‍ ഗ്യാസ് ചേംബറിന്റെ ഒരു ഫാന്റസി സീനും അഡോള്‍ഫ് ഹിറ്റ്ലറും ഓഷ്വിറ്റ്സ് മരണക്യാമ്പിന് സമാനമായ രംഗങ്ങളും വരുന്നുണ്ട്. വരകളുള്ള വസ്ത്രം ധരിച്ച ദമ്പതികള്‍ ഒരു വിനോദത്തിനായി ക്യാമ്പിലെ ഭയാനകതയുടെ ഗ്യാസ് ചേമ്പറിനുള്ളില്‍ കിടത്തുന്നു, അവിടെ അലറുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ആളുകള്‍ അവരെ ചുറ്റിപ്പറ്റി വരുന്ന രംഗവുമുണ്ട്.
നാസി ജര്‍മ്മനിയിലെ ഏറ്റവും വലിയ മരണ ക്യാമ്പ് ഏകദേശം ഒരു ദശലക്ഷം ജൂതന്മാര് കൊല്ലപ്പെട്ടു എന്ന് ചരിത്രം പറയുന്ന ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന സിനിമയിലെ സംഭാഷണങ്ങളും കല്ലുകടിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒരു രംഗത്തില്‍, മനുഷ്യന്റെ അത്യാഗ്രഹത്തെ വിവരിക്കുന്നതിന് രൂപകമായി ഹിറ്റ്ലറിനെ ഉപയോഗിക്കുന്നതും മറ്റൊരു സീനില്‍ ജാന്‍വി കപൂര്‍ 'എല്ലാ ബന്ധങ്ങളും അവരുടെ ഓഷ്വിറ്റ്സിലൂടെ കടന്നുപോകുന്നു' എന്ന് നടത്തുന്ന പരാമര്‍ശവും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
'ഞാന്‍ ബാവല്‍ സിനിമ കണ്ടിട്ടില്ല, കാണില്ല, പക്ഷേ ഞാന്‍ വായിച്ചതില്‍ നിന്ന് പദാവലികളുടെയും പ്രതീകങ്ങളുടെയും മോശം തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. ഹോളോകോസ്റ്റിന്റെ നിസ്സാരവല്‍ക്കരണം എല്ലാവരെയും അസ്വസ്ഥമാക്കും. ഹോളോകോസ്റ്റിന്റെ ഭീകരതയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തവരോട് അതിനെക്കുറിച്ച് സ്വയം ബോധവത്കരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'' എന്നാണ് ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന് എന്നിവിടങ്ങളിലെ ഇസ്രായേല്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍ ട്വിറ്ററില്‍ കുറിച്ചത്.
ഓഷ്വിറ്റ്സിനെ രൂപകമായി ഉപയോഗിക്കുന്നതിനെ സൈമണ്‍ വീസെന്തല്‍ സെന്ററും വിമര്‍ശിച്ചു. 'തിന്മയ്ക്കുള്ള മനുഷ്യന്റെ കഴിവിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇതെന്നും ഹിറ്റ്ലറുടെ വംശഹത്യ ഭരണകൂടത്തിന് കീഴില്‍ കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഓര്‍മ്മയെ അപമാനിക്കുന്നതാണ് സിനിമയെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ വാണിജ്യവല്‍ക്കരിക്കുന്നത് നിര്‍ത്തി അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് സിനിമ നീക്കം ചെയ്യാന്‍ സംഘടന ആമസോണ്‍ പ്രൈമിനോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം വിവാദം ഒഴിവാക്കിയാല്‍ സിനിമ വന്‍ ഹിറ്റാണ്. പ്രൈം വീഡിയോയിലെ ഇന്ത്യന്‍ ടോപ് ടെന്നില്‍ ഇടം പിടിച്ചിരിക്കുന്ന സിനിമ ഇതിനകം കണ്ടത് ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ്.






