
മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗം വര്‍ധിച്ചതോടെ പല ജോലി മേഖലകളും ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കാരണം ഭൂരിഭാഗം ആളുകളും സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമപ്പെട്ടതുകൊണ്ട് തന്നെ ജോലിക്കിടയിലും ബോറടിക്കുമ്പോഴുമെല്ലാം ഇത്തരം ആപ്പുകളില്‍ കയറി ഇരുന്ന് സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ അല്പം ഉത്തരവാദിത്വപ്പെട്ട ജോലിയാണെങ്കെില് ഇവ കര്‍ശനമായും നിരോധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ അല്പം ഗൗരവമുള്ള ഒരു ജോലിക്കിടയില്‍ ഫോണ്‍ നോക്കി സമയം കളഞ്ഞ ഒരു സ്ത്രീയെകുറിച്ചുള്ള വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അവര്‍ ഒരു ജഡ്ജിയാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഒക്ലഹോമയിലെ ലിങ്കണ് കൗണ്ടിയില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെറും രണ്ട് വയസായ ഒരു കുഞ്ഞിന്റെ കൊലപാതകത്തിന്റെ വിചാരണ കോടതിയില്‍ നടന്നു കൊണ്ടിരുന്നതിനിടയില്‍ ജില്ലാ ജഡ്ജി ട്രാസി സോഡര്‍സ്ട്രോമിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് വീഡിയോയില്‍ പതിഞ്ഞിരിക്കുന്നത്. വിചാരണയില്‍ ഒട്ടും ശ്രദ്ധയില്ലാതെ ഇടയ്ക്കിടയ്ക്ക് ഫോണില്‍ നിന്നും ശബ്ദം വരുമ്പോള്‍ അത് ശ്രദ്ധിച്ചും മെസേജിന് മറുപടി കൊടുത്തും എന്തിന് ഫേസ്ബുക്ക് വരെ സ്ക്രോള്‍ ചെയ്തുമാണ് ജഡ്ജി കോടതിയില്‍ ഇരിക്കുന്നത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഒരാള്‍ തന്റെ കാമുകിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ മാരകമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ജഡ്ജി ഫേസ്ബുക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയത്ത് തന്നെ അവിടെയിരിക്കുന്ന മറ്റെല്ലാവരോടും കേസിന്റെ വിചാരണയില്‍ ശ്രദ്ധിക്കാന്‍ ഫോണ്‍ അടക്കം എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കാനും ഇതേ ജഡ്ജി പറഞ്ഞു എന്നതാണ് വൈരുദ്ധ്യം. ജഡ്ജിയുടെ ആദ്യത്തെ കേസാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ സംഭവത്തെ കുറിച്ച് പറഞ്ഞത് പെരുമാറ്റച്ചട്ടത്തില്‍ ഫോണിനെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നിരുന്നാലും ജനങ്ങളുടെ വിശ്വാസം നേടുന്നതിനായി ജഡ്ജിമാര്‍ സ്വയമേവ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട് എന്നാണ്. വലിയ രോഷമാണ് വീഡിയോ കണ്ട ആളുകളുടെ ഭാഗത്തുനിന്നുമുണ്ടായത്. അങ്ങേയറ്റം വൈകാരികമായ ഒരു കേസിന്റെ വിചാരണയ്ക്കിടെ എങ്ങനെയാണ് ഒരു ജഡ്ജിക്ക് ഇത് ചെയ്യാന്‍ സാധിക്കുന്നത് എന്നതാണ് പലരും ചോദിക്കുന്നത്.






