
ലക്നൗ: ഇന്ത്യയിലെ എല്ലാ മോസ്ക്കുകള്‍ക്കും കീഴെ ഒരു ക്ഷേത്രമുണ്ടോയെന്ന് ബിജെപിയും ഹിന്ദു സമൂഹവും നോക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യാക്കാര്‍ എല്ലാ ക്ഷേത്രങ്ങള്‍ക്ക് കീഴിലും ഒരു ബുദ്ധക്ഷേത്രം തെരയാന്‍ തുടങ്ങുമെന്ന് വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. വാരണാസിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ പൊളിച്ചാണോ മുസ്ളീം പള്ളി സ്ഥാപിച്ചതെന്ന് അറിയാന്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ ആര്ക്കിയോളജിക്കലിനെയും മറ്റും വിടുന്ന സാഹചര്യത്തിലാണ് മൗര്യയുടെ പ്രസ്താവന.
ഉത്തരാഖണ്ഡ് കേദാര്‍നാഥിലെ ബദരീനാഥ് ക്ഷേത്രം, പുരിയിലെ ജഗന്നാഥ് ക്ഷേത്രം, കേരളത്തിലെ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം, മഹാരാഷ്ട്രയിലെ പന്ധര്‍പൂരിലെ വിതോബാ ക്ഷേത്രം എന്നിവ ബുദ്ധക്ഷേത്രങ്ങളായിരുന്നെന്ന് മൗര്യ ആരോപിക്കുന്നു. ബുദ്ധസന്യാസ കേന്ദ്രങ്ങള്‍ തകര്‍ത്താണ് അവിടെ ഹിന്ദുക്ഷേത്രങ്ങള്‍ വന്നിരിക്കുന്നത്. ഇവയെല്ലാം എട്ടാം നൂറ്റാണ്ടിലെ ബുദ്ധമതകേന്ദ്രങ്ങളായിരുന്നു. ഹിന്ദുക്ഷേത്രങ്ങളുടെയെല്ലാം ചരിത്രപരമായ തെളിവുകള്‍ തേടിപ്പോയാല്‍ അവയെല്ലാം ബുദ്ധമത സ്ഥാപനങ്ങളാണെന്ന് കണ്ടെത്താന്‍ വലിയ പാടില്ലെന്നും എസ്.പി. ജനറല്‍ സെക്രട്ടറി പറയുന്നു.
ഹിന്ദുക്ഷേത്രങ്ങള്‍ ബുദ്ധമത കേന്ദ്രമാക്കണമെന്നല്ല പറഞ്ഞു വരുന്നതെങ്കിലും എല്ലാ മോസ്ക്കുകള്‍ക്ക് കീഴിലും ഹിന്ദുക്ഷേത്രം തെരയുമ്പോള്‍ എല്ലാ ക്ഷേത്രത്തിന് കീഴിലും ഒരു ബുദ്ധമത കേന്ദ്രങ്ങള്‍ തെരയാത്തത് എന്തുകൊണ്ടാണ്? മോസ്ക്ക്-ക്ഷേത്ര വിഷയത്തില്‍ ബിജെപിക്കാരാണ് ഗൂഡാലോചന കൊണ്ടുവരുന്നതെന്നും പറഞ്ഞു. അതേസമയം ഇതിന് മറുപടിയുമായി ബിജെപിയും രംഗത്ത് വന്നു.
ഇന്ത്യയിലെ സനാതന ധര്‍മ്മത്തെ വീണ്ടും വീണ്ടും അപമാനിക്കാനാണ് സമാജ്വാദി പാര്‍ട്ടിയും അതിന്റെ നേതാക്കളും നോക്കുന്നത്. കേദാര്‍നാഥും ബദനീനാഥ് ക്ഷേത്രവും ജഗന്നാഥ് പുരിയുമെല്ലാം ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ആണെന്നതിന് തര്‍ക്കമില്ല. എന്നാല്‍ കേവലം രാഷ്ട്രീയത്തിന് വേണ്ടി വിവാദമുണ്ടാക്കുന്നത് സമാജ്വാദി പാര്‍ട്ടയുടെ സ്ഥിരം പരിപാടിയാണെന്നും പറഞ്ഞു. മൗര്യയുടെ പ്രസ്താവന കോടിക്കണക്കിന് ഇന്ത്യയിലെ ഹിന്ദുക്കളുടെ വികാരമാണ് വ്രണപ്പെടുത്തിയതെന്നും ഇത് ഉത്തര്‍പ്രദേശില്‍ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ കഴിയുന്നതാണെന്നും പറഞ്ഞു.
അതേസമയം മൗര്യയ്ക്കെതിരേ ആരോപണവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്ത് വന്നു. മൗര്യയുടെ ലക്ഷ്യം ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കലാണെന്നും നേരത്തേ ബിജെപി മന്ത്രിസഭയില്‍ ദീര്‍ഘമായി അംഗമായിരുന്ന കാലത്ത് മൗര്യ യാതൊരു വിമര്‍ശനവും ഇക്കാര്യത്തില്‍ നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. വാരണാസിയിലെ കാശിവിശ്വാനാഥ് - ഗ്യാന്‍വ്യാപി മസ്ജിദ് കോംപ്ലക്സും മഥുരയിലെ കൃഷ്ണ ജന്മസ്ഥാന് ക്ഷേത്രം - ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇപ്പോള്‍ കോടതിയിലുണ്ട്.






