
നിരന്തരമായി വ്യാജ അടിയന്തരകോളുകള്‍ വിളിച്ച് പോലീസിനെ കബളിപ്പിച്ച ജപ്പാനീസ് വനിത പിടിയില്‍. ഹിരോകോ ഹട്ടഗാമിയെന്ന 51 കാരിയാണ് അറസ്റ്റിലായത്. 2,761 വ്യാജ അടിയന്തര കോളുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഇവര്‍ പോലീസിന് ചെയ്തിട്ടുളളത്. അറസ്റ്റിലായ ഹിരോകോ ഹട്ടഗാമി കുറ്റം സമ്മതിക്കുകയും തന്റെ ഏകാന്തത മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.
തനിക്ക് അത്യന്തം ഏകാന്തത അനുഭവപ്പെട്ടപ്പോള്‍ അതില്‍ നിന്നും രക്ഷനേടാനും എല്ലാവരുടെയും ശ്രദ്ധ നേടാനും മറ്റു മനുഷ്യരുടെ ഇടപെടലുകളും തന്റെ ജീവിതത്തില്‍ ആഗ്രഹിച്ചതിനാലുമാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നാണ് ഹിരോക്കോ ഹട്ടഗാമി പറയുന്നത്.
ചിബ പ്രിഫെക്ചറിലെ മാറ്റ്സുഡോയിലെ താമസക്കാരിയായ ഇവര്‍ തൊഴില്‍രഹിതയാണ്. ഏകദേശം രണ്ട് വര്‍ഷവും ഒമ്പത് മാസവും ഈ സ്ത്രീ സ്ഥിരമായി പോലീസ് സ്റ്റേഷനിലേക്ക് വ്യാജ അടിയന്തര കോളുകള്‍ ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തന്റെ താമസ സ്ഥലത്ത് നിന്നും അയല്പക്കങ്ങളില് നിന്നുമായിരുന്നു ഇവര്‍ കോളുകള്‍ ചെയ്തിരുന്നത്.
2020 ഓഗസ്റ്റ് മുതല്‍ 2023 മെയ് വരെയാണ് ഇവര്‍ ഇത് തുടര്‍ന്നത്. പോലീസ് സ്റ്റേഷന് കൂടാതെ ഹിറോക്കോ ഹട്ടഗാമി ആംബുലന്‍സുകളെയും അഗ്നിശമന സേനകളെയും വിളിക്കുക പതിവായിരുന്നു. പലപ്പോഴും പലവിധ രോഗങ്ങള്‍ അഭിനയിച്ചും അപകടത്തില്‍പ്പെട്ടതായി വിവരിച്ചുമായിരുന്നു ഫോണ്‍ കോളുകള്‍ ചെയ്തിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുമ്പോള്‍ എല്ലാ കാര്യങ്ങളും നിഷേധിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഞാന്‍ അത്തരത്തില്‍ കോളുകള്‍ ചെയ്തിട്ടില്ല എന്നും ഇവര്‍ വാദിക്കുമായിരുന്നു. അഗ്നിശമനസേനയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തത്.






