
തൃശൂർ: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖന് നേരെ കടുത്ത നടപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി. സംഘടനാഭാരവാഹിയുടെ പരാതിക്ക് വിധേയനായ വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.
തീരുമാനം അനുമതിക്കായി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു. ഇതോടെ വൈശാഖൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റപ്പെടും. കൊടകര സിപിഎം ഏരിയാകമ്മിറ്റി അംഗത്വവും നഷ്ടമാകും. ചൊവ്വാഴ്ച വൈകിട്ട് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയോഗമാണ് വൈശാഖന് നേരെ കടുത്ത നടപടിക്ക് തീരുമാനമെടുത്തത്.
ഡിവൈഎഫ്ഐ ജില്ലയിൽ ആരംഭിച്ച ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചത് എൻ വി വൈശാഖനെയാണ്. എന്നാൽ ജാഥയ്ക്ക് തൊട്ടുമുന്നേ സംഘടനയിലെ ഒരു വനിതാ ഭാരവാഹി വൈശാഖനെതിരേ പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ച സിപിഎം, വൈശാഖനെ ജാഥാ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി നിർത്തുകയായിരുന്നു. ആരോപണങ്ങൾ നേരിട്ട സാഹചര്യത്തിൽ നിർബന്ധ അവധിയിൽ പോകാനാണ് പാർട്ടി നിർദേശിച്ചത്.
അവധിയിൽ പ്രവേശിച്ച വൈശാഖൻ ഡിവൈഎഫ്ഐ ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ വേദിയിലെത്തിയത് വിവാദമായിരുന്നു. ജാഥയിൽനിന്ന് മാറ്റിനിർത്തിയതല്ലെന്നും അസുഖംകാരണം ചികിത്സയിൽ പോകുന്നതിനാൽ മാറിനിന്നതാണ് എന്നുമായിരുന്നു വൈശാഖൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.






