
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . ഇതില്‍ രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും ഒരു ആശുപത്രിക്ക് പുന:രംഗീകാരവുമാണ് ലഭിച്ചത്. കോഴിക്കോട് എഫ്എച്ച്സി കക്കോടി 94 ശതമാനം സ്കോറും പത്തനംതിട്ട എഫ്എച്ച്സി കോയിപ്പുറം 82 ശതമാനം സ്കോറും നേടിയാണ് അംഗീകാരം സ്വന്തമാക്കിയത്.
90 ശതമാനം സ്കോര്‍ നേടി വയനാട് എഫ്എച്ച്സി പൂതാടി പുന:രംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 66 ആശുപത്രികള്‍ക്ക് പുന:രംഗീകാരവും നേടിയെടുക്കാനായെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 109 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.
ഇതുകൂടാതെ ലക്ഷ്യ സര്‍ട്ടിഫിക്കേഷനും 10 ആശുപത്രികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരാശുപത്രിയെ എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. മൂന്ന് വര്‍ഷ കാലാവധിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരത്തിനുളളത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. ഇത് കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






