
ഇന്ത്യയില്‍ ക്രിക്കറ്റും സിനിമയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. സിനിമാ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുകയും ക്രിക്കറ്റ് താരങ്ങള്‍ സിനിമയിലും പര്യസത്തിലും പ്രത്യക്ഷപ്പെട്ട് വിജയിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം കീശയിലാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ നിറയുന്നത്.
പിച്ചില്‍ എതിരാളികളെ കറക്കി വീഴ്ത്തുന്ന താരം വെള്ളിത്തിരയിലും ബൗള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉടന്‍ തന്നെ താരത്തെ ഇന്ത്യന്‍ തീയറ്ററുകളിലെ ബിഗ് സ്ക്രീനില്‍ കാണാനാകുമെന്നാണ് കേള്‍ക്കുന്ന വിവരം. സൂപ്പര്‍ഹിറ്റ് സിനിമയായ 'ചെന്നൈ 600028' ന്റെ അടുത്ത പരമ്പരയില്‍ അശ്വിനെ കാണാനാകുമെന്നാണ് വിവരം. ചിത്രത്തിന്റെ പുതിയ ഭാഗത്തേക്ക് അശ്വിനെ ഉള്‍പ്പെടുത്താന്‍ സംവിധായകന് വെങ്കട്പ്രഭുവിന്റെ തീരുമാനം അശ്വിന് സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള സ്പോര്‍ട്സ് കോമഡി ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ആദ്യ ഭാഗങ്ങളില്‍ തന്നെ ചെറിയ വേഷത്തില്‍ അശ്വിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും താരത്തിന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലം നടന്നില്ല. എന്നാല്‍ മൂന്നാംഭാഗത്തില്‍ താരത്തെ ഉള്‍പ്പെടുത്തുക തശന്ന ചെയ്യും. പ്രത്യേകിച്ചും അശ്വിന് മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം നേടിയ അവസ്ഥയില്‍ താരത്തെ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ സന്തോഷം പകരുന്ന കാര്യമാണെന്ന് ഇപ്പോള്‍ ജപ്പാനിലുള്ള വെങ്കട്പ്രഭു പറഞ്ഞു.
ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ചെറുകിട ക്രിക്കറ്റ് ജ്വരത്തെക്കുറിച്ചും അവിടുത്ത ലോക്കല്‍ ലീഗില്‍ കളിക്കുന്ന രണ്ടു ടീമിലെ യുവാക്കളെക്കുറിച്ചും പറഞ്ഞ സിനിമ 2007 ലായിരുന്നു ആദ്യ ഭാഗം പുറത്തു വന്നത്. ഈ ടീമിലെ യുവാക്കള്‍ പ്രായം ചെന്നിട്ടും ക്രിക്കറ്റ് ജ്വരം നശിക്കാത്ത അവസ്ഥയില്‍ തുടരുന്നതാണ് പുതിയ സിനിമ പറയുന്നത്.






