
മലപ്പുറം: ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എന്നാല്‍ പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നതെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മിത്ത് വിവാദങ്ങളില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുളള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരുമ്പോള്‍ മുമ്പ് പറഞ്ഞ നിലപാടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്പീക്കര്‍.
പാഠ്യപദ്ധതി പരിഷ്കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്നത് കാവിവല്‍ക്കരണമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ സംഭാവനകള്‍ ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംവാദവും ചര്‍ച്ചയും വിയോജിപ്പുമാണ് ജനാധിപത്യത്തില്‍ പ്രധാനം ഭരണഘടനയുണ്ടായത് ഒരു സുപ്രഭാതത്തിലല്ലെന്നും ഷംസീര്‍ പറഞ്ഞു. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന പോലെ കേരളം ആകണോ..? എന്ന് ചോദിച്ച അദ്ദേഹം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള പ്രഖ്യാപനം നടത്താന്‍ സാധിക്കണമെന്നും പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന സാംസ്കാരമാണ് കേരളത്തിന്റേത്. മനുഷ്യരെ സ്നേഹിക്കുന്നവരാണ് നമ്മളെന്നും പറഞ്ഞു. ശാസ്ത്രം സത്യമാണ്. അത് പ്രചരിപ്പിക്കുക എന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും മതനിരപേക്ഷ വാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞയെന്നും എല്ലാ ജാതി മതസ്ഥര്‍ക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണമെന്നും ഷംസീര്‍ പറഞ്ഞു.
ക്ലാസ് മുറികളില്‍ ഭരണഘടന പഠിപ്പിക്കണമെന്നതിലേക്ക് ആധുനിക ഇന്ത്യ നിര്‍ബന്ധിതമായിരിക്കുന്നു.
മതേതരത്വം മതനിരാസമല്ല, മത നിരപേക്ഷതയാണ്. ഇന്ത്യ എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളല്‍. ഇന്ത്യയില്‍ മത നിരപേക്ഷത നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കാന്‍ നമ്മള് നിര്‍ബന്ധമായിരിക്കുന്നു. തന്റെ അഭിപ്രായത്തോട് യോജിച്ചാലൂം വിയോജിച്ചാലും വസ്തുതകളല്ലാത്ത ചരിത്രം പഠിപ്പിക്കാന്‍ ശ്രമിക്കരുത്. ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയില്‍ എന്താണ് വസ്തുത എന്ന് പഠിപ്പിക്കേണ്ട കാലമാണെന്നും പറഞ്ഞു.
വിദ്യാര്‍ത്ഥികളെ പിടിക്കണം, അതിലൂടെ തലമുറയെ പിടിക്കണം, അതിലൂടെ തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കണം, അതിനാണ് ചിലര്‍ ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയെ കൊലപെടുത്തിയതാണ്, എന്നാല്‍ മരിച്ചുവെന്ന് വരുത്തനാണ് ശ്രമമെന്നും പറഞ്ഞു.






