
കൊച്ചി: ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ ബംഗലൂരു സ്വദേശിനിയുടെ പരാതിയില്‍ പ്രതിയെ പിടിക്കാനെത്തിയ ബംഗലൂരു പോലീസ് സംഘം പിടിച്ചുപറിക്കേസില്‍ കളമശേരി പോലീസിന്റെ കസ്റ്റഡിയില്‍. നെടുമ്പശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ഇവര്‍ രാത്രി പിടിയിലായത്. ഇവര്‍ കസ്റ്റഡിയിലെടുത്ത ഒരാളെയും വാഹനത്തില്‍ നിന്ന് 3.95 ലക്ഷം രൂപയും പിടിച്ചെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കേരളത്തിലെത്തിയ സിഐ അടക്കമുള്ള മൂന്നംഗ പോലീസ് സംഘം രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് നാല് ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ എറണാകുളത്തുനിന്നും പിടികൂടി. കേസ് ഒതുക്കാന്‍ ഇവരോട് 10 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കിട്ടിയ പണവും പ്രതിയുമായി നെടുമ്പാശേരിയിലേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം പിടിയിലായത്.
പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പോലീസ് സംഘം പണമെടുത്തുവെന്ന് ഒരു സുഹൃത്ത് പരാതിപ്പെട്ടിരുന്നു. മകനെ തട്ടിക്കൊണ്ടുപോയി എന്നുകാണിച്ച് പ്രതിയടെ വീട്ടുകാരും പരാതിപ്പെട്ടിരുന്നു.
അതിനിടെ, ബംഗലൂരു പോലീസ് കൊച്ചിയില്‍ പിടിയിലായത് അറിഞ്ഞ് കര്‍ണാടകയില്‍ നിന്നുള്ള ഉന്നത പോലീസ് സംഘം ഇവിടെ എത്തിയിരുന്നു. ഇവര്‍ കൊച്ചി പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. പണാപഹരണത്തിന് കേസെടുത്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. കര്‍ണാടക പോലീസ് സംഘത്തിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു. സിആര്‍പിസി 41പ്രകാരം ഇവര്‍ക്ക് നോട്ടീസ് നല്‍കും.






