
കൊല്‍ക്കത്ത: ഭീകരത സൃഷ്ടിക്കുന്നത് ബിജെപിയുടെ പാരമ്പര്യമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ അക്രമമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കരുതുന്ന അവര്‍ ദളിതുകളേയും ആദിവാസികളോയും ന്യൂനപക്ഷങ്ങളേയും പീഡിപ്പിക്കുമെന്നും റിപ്പോര്‍ട്ടര്‍മാരോട് പോലും ഹിന്ദുവോ മുസ്ലീമോ എന്ന് ചോദിക്കുമെന്നും പറഞ്ഞു.
അക്രമം എല്ലായ്പ്പോഴും ബിജെപിയുടെ നിഘണ്ടുവിന്റെ ഭാഗമാണ്. അവരുടെ നിഘണ്ടുവില്‍ അക്രമം എന്നല്ലാതെ ഭരണഘടന എന്നൊരു വാക്കില്ല. അക്രമത്തിലൂടെ അവര്‍ എല്ലാം കാവിയാക്കും. ദൈവങ്ങളോടും ബലിയോടും ബന്ധപ്പെട്ട ഒരു നിറമാണ് കാവി. പക്ഷേ പീഡനത്തെ നിര്‍വചിക്കാന്‍ അവര്‍ അത് ഉപയോഗിച്ചാല്‍, ആളുകള്‍ അത് അംഗീകരിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു. രാജ്യം മുഴുവന്‍ കാവിയാണെങ്കില്‍ മറ്റ് നിറങ്ങള്‍ എവിടെ പോകുമെന്നും ചോദിച്ചു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു വെച്ചിരിക്കുകയാണെന്നതിന് തെളിവുണ്ടെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് വിവരം കിട്ടിയിട്ടുണ്ട്. അതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ കിട്ടുമോ എന്നു തങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.
രാജ്യത്തുടനീളം 'ഇന്ത്യ' എന്ന സഖ്യത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നും വര്‍ഗീയ സംഘര്‍ഷം, തൊഴിലില്ലായ്മ എന്നിവയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അത് വിജയിക്കണമെന്നും പറഞ്ഞു. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണെന്നും ഈ ഇന്ത്യന്‍ സഖ്യം നമ്മുടെ മാതൃരാജ്യത്തിന് വേണ്ടിയാണെന്നും അതുകൊണ്ടാണ് എന്‍ഡിഎയ്ക്ക് ഒരു വിലയും ഇല്ലാത്തത് എന്നും ബാനര്‍ജി പറഞ്ഞു.
'ഒരു സഖ്യമുണ്ടാക്കിയതുകൊണ്ട് മാത്രം ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണയ്ക്കരുതെന്ന് പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം സഖ്യമുണ്ടായാലും പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഡല്‍ഹിയുടെ വിജയം ഇന്ത്യന്‍ സഖ്യത്തിന്റെ വിജയമായി അര്‍ത്ഥമാക്കുന്നതിനാല്‍ ശരിയായ കാര്യമാണ് ഷാ പറഞ്ഞതെന്നായിരുന്നു ബാനര്‍ജിയുടെ പ്രതികരണം.






