
കേന്ദ്ര മന്ത്രി ലോക്സഭ ചർച്ചക്കിടെ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശം വിവാദമാകുന്നു. വ്യാഴാഴ്ച ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശമാണ് വിവാദമായത് . മീനാക്ഷി ലേഖി ലോക്സഭാ ചർച്ചക്കിടെ സർക്കാർ വാദങ്ങളെ എതിർത്ത പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിങ്ങളുടെ വീട്ടിൽ വന്നേക്കാമെന്നുമായിരുന്നുവെന്നാണ് പരാമർശിച്ചത്.
പ്രതിപക്ഷം ലോക്സഭയിൽ ചർച്ചയ്ക്കിടെ ഡൽഹി ഭരണ നിയന്ത്രണ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ഭീഷണിപ്പെടുത്തൽ. 'ഏക് മിനിറ്റ്, ശാന്ത് രഹോ, തുംഹാരേ ഘർ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം'- എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. ഈ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിയാണെന്നും. മീനാക്ഷി ലേഖിയുടെ പരാമർശം ഇക്കാര്യം അടിവരയിടുന്നുവെന്നും പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ബിജെപി കേന്ദ്ര മന്ത്രി നടത്തിയ പരാമർശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് ചോദിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും മീനാക്ഷി ലേഖിയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു.






