
തിരുവല്ല: ആശുപത്രിയില്‍ നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ കുത്തിവെയ്പ്പിന് ഇരയായ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ വന്‍ ആസൂത്രണമാണ് നടന്നതെന്ന കണ്ടെത്തലിന് പിന്നാലെ അരുണിന്റെ പങ്ക് അന്വേഷിച്ചു വരികയാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് അരുണിനെ ചോദ്യം ചെയ്യുക. സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഡാലോചയുണ്ടെന്ന് പോലീസ് പറയുന്നു. രണ്ടു തവണ വിവാഹിതയായ പ്രതി അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു എന്നും ചില വാട്സാപ്പ് സന്ദേശങ്ങള്‍ പോലീസിന് കിട്ടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് അനുഷ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അരുണിന്റെ സഹപാഠിയുടെ സഹോദരിയായിരുന്നു അനുഷ. ഇരുവരും തമ്മില്‍ മുമ്പ് അടുപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സ്നേഹയെയും കുഞ്ഞിനെയും ചെന്നു കാണുന്നതിനായി അനുഷ അരുണിനോട് അനുവാദം വാങ്ങിയിരുന്നതായും വിവരമുണ്ട്.
വൈകിട്ട് മൂന്ന് മണിയോടെ ആശുപത്രിയില്‍ എത്തിയ അനുഷ പെട്ടെന്ന് വേഷം മാറി നഴ്സിന്റെ രൂപത്തില്‍ സ്നേഹയുടെ മുറിയിലേക്ക് ചെല്ലകുയായിരുന്നു. മൂന്ന് തവണ ഇവര്‍ സ്നേഹയെ കുത്തുകയും ചെയ്തു. തുടര്‍ന്ന് അമ്മ ബഹളം വെച്ചതോടെയാണ് ആള്ക്കാര് ഓടിക്കൂടിയതും അനുഷയെ പിടികൂടുകയും ചെയ്തത്. അനുഷ എങ്ങിനെയാണ് നഴ്സ് വേഷത്തില്‍ അകത്തെത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
ഇവര്‍ ഫോണിലെ ചാറ്റുകള്‍ പിന്നീട് അനുഷ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി വിവരമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അരുണിനെ ചോദ്യം ചെയ്യുന്നത്. പ്രതിയുടേയും അരുണിന്റേയും ഫോണില്‍ നിന്നും കിട്ടുന്ന വിവരം അനുസരിച്ചാകും ബാക്കി നടപടി. അതേസമയം മരുമകനെക്കുറിച്ച് സ്നേഹയുടെ മാതാപിതാക്കള്‍ക്കും പരാതിയില്ല. രണ്ടു തവണ വിവാഹിതയായ അനുഷയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അരുണുമായി ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് അനുഷ നല്കിയ മൊഴി.






