
ബംഗലുരു: രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ 65 കാരന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ലംബാര്‍ട്ട് പുഷ്പരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ പത്തു വയസ്സുകാരിയാണ് ഇരയായത്. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള പ്രശ്നം നേരിടുന്ന പെണ്‍കുട്ടിയെ സ്കൂളിന് സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ആയിരുന്നു പീഡനം.
മാതാവ് മാത്രമുള്ള കുട്ടി രഹസ്യഭാഗത്ത് വേദനയെടുക്കുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ച മാതാവ് പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരിക്ക് എങ്ങിനെ വന്നു എന്ന് ചോദിക്കുകയും പീഡനവിവരം കുട്ടി പറയുകയുമായിരുന്നു. ഉടന്‍ തന്നെ മാതാവ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുട്ടിയെ നടത്തിയ വൈദ്യ പരിശോധനയില്‍ പീഡന വിവരം സ്ഥിരീകരിക്കുകയുമായിരുന്നു. വിവരം പിന്നാലെ പോലീസിനെയൂം അറിയിച്ചു.
ഉടന്‍ തന്നെ പോക്സോപ്രകാരം കേസെടുത്ത പോലീസ് വീട്ടില്‍ നിന്നും പുഷ്പരാജിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. രാവിലെ 11 മണിക്കും 2 മണിക്കും ഇടയിലായിരുന്നു പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്കൂളിന്റെ ഉടമസ്ഥന് കൂടിയാണ് പ്രിന്‍സിപ്പല്‍. പീഡിപ്പിച്ച ശേഷം കുട്ടിയെ സ്കൂളിലേക്ക് തന്നെ പുഷ്പരാജ് തിരിച്ചയച്ചതായും ഒരു മണിയോടെ പെണ്‍കുട്ടി വീട്ടിലേക്കും പോയി.
പുഷ്പരാജ് സ്കൂളിലെ മറ്റ് കുട്ടികളെ ആരെയെങ്കിലും പീഡനത്തിന് ഇരയാക്കിയിരുന്നോ എന്നും അന്വേഷിച്ചു വരികയാണ്. സ്കൂളിലെ സിസിടിവി ക്യാമറ പ്രവര്‍ത്തന രഹിതമായിരുന്നെന്നും പോലീസ് കണ്ടെത്തി. സ്കൂളിന്റെ വെബ്സൈറ്റില്‍ നിന്നുള്ള വിവരം അനുസരിച്ച് സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കുടിയാണ് പുഷ്പരാജ്.






